yasir-shah

ഇസ്ലമാബാദ്: 14കാരിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത സുഹൃത്തിനെ സഹായിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റർ യാസിർ ഷായ്‌ക്കെതിരെ പൊലീസ് കേസ്. 14കാരിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി. പെൺകുട്ടിയുടെ പരാതി അനുസരിച്ച് യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിക്കുകയും സംഭവിച്ചത് എല്ലാം ഫോണിൽ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസിൽ പരാതിപ്പെട്ടാൽ കനത്ത പ്രത്യാഘാതങ്ങളണ്ടാകുമെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു.

താൻ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണെന്നും പൊലീസിലെ ഉന്നതരായ നിരവധി പേരെ തനിക്ക് അറിയാമെന്നും വെറുതെ പരാതി കൊടുത്ത് സമയം കളയേണ്ടെന്നും യാസിർ ഷാ തന്നോട് പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ എടുത്ത് ഇന്റർനെറ്റിൽ ഇടുന്നത് യാസിർ ഷായുടെയും ഫർഹാന്റെയും പതിവാണെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പ്രതികരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. പാകിസ്ഥാന് വേണ്ടി 46 ടെസ്റ്റുകൾ കളിച്ച യാസിർ ഷാ 235 വിക്കറ്റുകളെടുത്തിട്ടുണ്ട്.