
വാഷിംഗ്ടൺ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധയിൽ രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ച് അമേരിക്ക. ടെക്സാസിലാണ് ഒമിക്രോൺ രോഗബാധിച്ചയാൾ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാൾ കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അൻപതിനും അറുപതിനും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പ്രായമുള്ളവർ പ്രതിരോധ വാക്സിൻ സ്വീകരിക്കാതിരിക്കുകയും കൊവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നയിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഡിസംബർ പതിനെട്ട് വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിലെ കൊവിഡ് കേസുകളിൽ 73 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് സിഡിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബ്രിട്ടനിലായിരുന്നു ലോകത്താദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. നിലവിൽ പന്ത്രണ്ട് പേർ മരിച്ചതായാണ് കണക്കുകൾ. ഇന്ത്യയിൽ ഇതുവരെ 171 പേരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുമെത്തുന്നവരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.