
കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിയെടുക്കാനൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി സ്വീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ ഇത് സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി മറ്റ് അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.
എന്നാൽ മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരെ നടപടിയെടുക്കരുതെന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ചില താരങ്ങൾ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്.