
കറാച്ചി: പാകിസ്ഥാനിലെ ഹിന്ദുക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹം തകർത്തതിന് ഒരാളെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ക്ഷേത്രത്തിൽ പ്രവേശിച്ച പ്രതി ഹിന്ദു ദൈവമായ ജോഗ് മായയുടെ വിഗ്രഹമാണ് ചുറ്റിക കൊണ്ട് അടിച്ച് നശിപ്പിച്ചത്.
നാട്ടുകാരാണ് പ്രതിയെ പിടിച്ച് പൊലീസിനെ ഏൽപ്പിച്ചത്. മതനിന്ദയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'മറ്റൊരു ഹിന്ദുക്ഷേത്രം കൂടി തകർത്തിരിക്കുന്നു. ഇത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂട പിന്തുണയുള്ള ഭീകരതയാണ്,' ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ സിന്ധ് പ്രവിശ്യയിലെ ഹനുമാൻക്ഷേത്രവും അജ്ഞാതരായ ഒരു സംഘം മോഷ്ടാക്കൾ തകർത്തിരുന്നു. പതിനായിരക്കണക്കിന് രൂപയുടെ ആഭരണങ്ങളും നേർച്ച പെട്ടിയിലുണ്ടായിരുന്ന പണവുമാണ് അന്ന് കവർന്നത്.