shan-fidha-hidha

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളിൽ പകച്ച് നിൽക്കുകയാണ് ആലപ്പുഴ. എസ് ഡി പി ഐ നേതാവ് ഷാനിന്റെ മരണത്തോടെ രണ്ട് പെൺകുഞ്ഞുങ്ങളാണ് അനാഥമായത്. മൂത്തമകൾ ഫിബ ഫാത്തിമ ആറാം ക്ലാസിലാണ്. ഇളയമകൾ ഫിദ ഫാത്തിമ നഴ്‌സറിയിലാണ് പഠിക്കുന്നത്.

ഉപ്പ ഇനി വരില്ലെന്ന് ഫിദയ്ക്ക് ഇതുവരെ മനസിലായിട്ടില്ല. തങ്ങൾ കരയുന്നത് ഉപ്പയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും, കുറച്ച് നാളുകൾക്ക് മുൻപുവരെ എല്ലാ ആഴ്ചയും കറങ്ങാൻ കൊണ്ടുപോകുമായിരുന്നുവെന്നും ഫിബ പറയുന്നു. തന്റെ സങ്കടം ഒരു കുട്ടിക്കും ഉണ്ടാവല്ലേയെന്ന് മാത്രമാണ് പടച്ചോനോട് പ്രാർത്ഥിക്കുന്നതെന്നും കുട്ടി പറഞ്ഞു.

നാളെ ലുലു മാളിൽ കൊണ്ടുപോകാമെന്ന് മക്കൾക്ക് വാക്ക് കൊടുത്താണ് ഷാൻ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത്. രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഷാനിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽ ചെറിയ പരിക്ക് പറ്റിയെന്ന് മാത്രമാണ് ആദ്യം ബന്ധുക്കൾ കുടുംബത്തെ അറിയിച്ചത്. പിറ്റേന്ന് മാത്രമാണ് മരണവിവരം പറഞ്ഞത്.