
ന്യൂഡൽഹി: ഇന്ധന വില കുതിച്ചുയരുമ്പോഴും ഇന്ത്യക്കാരെ ഇലക്ട്രിക്ക് വാഹനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നത് അവയുടെ അമിത വിലയാണ്. എന്നാൽ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ബൗൺസ്. ഒല പോലുള്ള വൻകിട വാഹനനിർമാതാക്കളുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിരത്തിലിറക്കാൻ ലക്ഷങ്ങൾ ചെലവ് വരുമ്പോൾ, ബൗൺസിന്റെ ഇൻഫിനിറ്റി ഇ വൺ ഇലക്രിക്ക് സ്കൂട്ടറിന് വെറും 45000 രൂപ മാത്രമാണ് എക്സ് ഷോറൂം വില വരുന്നത്. മിക്ക സംസ്ഥാനങ്ങളും നിലവിൽ റോഡ് ടാക്സിൽ നിന്നും ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇളവ് നൽകിയിട്ടുള്ളതിനാൽ ഓൺ റോഡ് വില വലിയ രീതിയിൽ കൂടാനുള്ള സാദ്ധ്യത കുറവാണ്. 499 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാനും സാധിക്കും.
ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലയുടെ ഭൂരിഭാഗവും വരുന്നത് അതിന്റെ ബാറ്ററിയ്ക്കാണ്. എന്നാൽ ഇവിടെയാണ് ബംഗളൂരു ആസ്ഥാനമായ ബൗൺസ് തന്ത്രപൂർവം കരുക്കൾ നീക്കിയത്. ബൗൺസിന്റെ വാഹനം വാങ്ങുന്നവർക്ക് ബാറ്ററി ഒരു സർവ്വീസ് ഓപ്ഷൻ ആയിട്ടാണ് നൽകുന്നത്. അതായത് തുച്ഛമായ വിലയ്ക്ക് ബാറ്ററി വാഹനത്തോടൊപ്പം വാങ്ങുക, അത് തീരുമ്പോൾ ബൗൺസിന്റെ ബാറ്ററി ഔട്ട്ലെറ്റിൽ ചെന്ന് പഴയ ബാറ്ററി കൊടുത്ത് പുതിയ ബാറ്ററി വാങ്ങുക. ബാറ്ററി ചാർജ് ചെയ്യുന്നതിന്റെ കാശ് മാത്രമാകും പുതിയ ബാറ്ററി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഈടാക്കുക.
ഇതിനോടകം ഡൽഹിയിലും ബംഗളൂരുവിലുമായി 200നു മേലെ ബാറ്ററി ഔട്ട്ലെറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞുവെന്നും 50000ലേറെ തവണ ബാറ്ററി എക്സ്ചേഞ്ചുകൾ നടന്നുകഴിഞ്ഞുവെന്നും ബൗൺസ് സി ഇ ഒ വിവേകാനന്ദ ഹളേക്കാരെ അവകാശപ്പെടുന്നു.
അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ബൗൺസ്. ഇതിനായി 100 മില്ല്യൺ അമേരിക്കൻ ഡോളർ നിക്ഷേപിച്ചു കഴിഞ്ഞുവെന്നും വിവേകാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 3000 ബാറ്ററി ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.