
ഓസ്റ്റിൻ: ചിലർ ഏകാന്തതയും സിംഗിൾ ലൈഫും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ മറ്റുചിലർ ഫുൾ ഓൺ പാർട്ടി വൈബും പാർട്ട്ണറുമൊത്തുന്ന നിമിഷങ്ങളും ഒക്കെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ ക്രിസ്തുമസും പുതുവത്സരവുമൊക്കെ ഒറ്റയ്ക്ക് ആഘോഷിക്കാൻ എത്രപേർ ആഗ്രഹിക്കും. കുടുംബമോ സുഹൃത്തുക്കളോ പാർട്ട്ണറോ ഇല്ലാതെയുള്ള ആഘോഷങ്ങൾക്ക് രസം കുറയുമെന്ന് യുവാക്കൾ ഒന്നടങ്കം അഭിപ്രായപ്പെടും. എന്നാൽ ഒരു അറുപത്തിയാറുകാരനും ഇതേ അഭിപ്രായമാണെങ്കിലോ? ജീവിതം കളർഫുൾ ആക്കാൻ പ്രായം ബാധകമല്ലെന്ന് തെളിയിക്കുകയാണ് ടെക്സാസ് സ്വദേശിയായ ജിം ബേയിസ്.
ഒരു കാമുകിയോടൊപ്പം കൈകൾ കോർത്ത് സായാഹ്നങ്ങളിൽ ചുറ്റിനടക്കാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഈ പ്രായത്തിൽ എവിടെനിന്ന് കാമുകിയെ കിട്ടാനാ? ഒട്ടും നിരാശനാകാതെ ജിം ബേയിസ് അതിന് വേറിട്ട മാർഗം സ്വീകരിച്ചു. ടെക്സാസിലെ ഹൈവേയിൽ ഒത്ത നടുക്കായി കൂറ്റനൊരു ബോർഡ് സ്ഥാപിച്ചു. അൻപതിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്നാണ് ജിം ബേയിസ് ആലോചനകൾ ക്ഷണിച്ചത്. ബോർഡിൽ തന്റെ ഒരു സ്റ്റൈലൻ ഫോട്ടോയും ഫോൺനമ്പറും കൊടുക്കാനും ജിം മറന്നില്ല. ബോർഡിലെ വാചകങ്ങൾ ഇതായിരുന്നു- വാണ്ടഡ് എ ഗുഡ് വുമൺ. 50-55. ഫോർ ടോക്സ് ആൻഡ് വാക്സ് ആൻഡ് മുച്യുവൽ ആക്ട് ഒഫ് കൈൻഡ്‌നെസ് (ഹൃദയം തുറന്നു സംസാരിക്കാനും കൈകൾ കോർത്ത് സായാഹ്നങ്ങളിൽ ചുറ്റിനടക്കാനും ആവശ്യഘട്ടങ്ങളിൽ പരസ്പരം സഹായമാകാനും ഒരു കാമുകിയെ ആവശ്യമുണ്ട്).
കാമുകിയെ കണ്ടെത്താൻ ഡേറ്റിംഗ് ആപ്പുകൾ പലതും ട്രൈ ചെയ്തെങ്കിലും ഫലം കാണാതെ വന്നതോടെയാണ് രണ്ടുവട്ടം വിവാഹിതനും അഞ്ച് മക്കളുടെ പിതാവുമായ ജിം ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങിയത്. എന്നാൽ ശ്രമം വിഫലമായില്ല. നവംബർ മുതൽ ഇതുവരെ അഞ്ച് പേരാണ് ജിം ബേയിസിന്റെ ക്ഷണം സ്വീകരിച്ച് മറുപടി നൽകിയിരിക്കുന്നത്.
തന്റെ ആദ്യ വിവാഹം പരാജപ്പെട്ടതിന്റെ കാരണവും ജിം വെളിപ്പെടുത്തുന്നു. തങ്ങൾ പരസ്പരം തീവ്രമായി സ്നേഹിച്ചിരുന്നെങ്കിലും ഇരുവർക്കുമിടയിൽ വഴക്കുകൾ പതിവായിരുന്നെന്ന് ജിം പറയുന്നു. എന്നാൽ തന്റെ ജോലിതിരക്കുകൾ മൂലമാണ് രണ്ടാം വിവാഹം മുന്നോട്ടുപോകാതിരുന്നതെന്നാണ് ജിം പറയുന്നത്.