
കാസർകോഡ്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്നും, നിലപാട് തിരുത്തിയില്ലെങ്കിൽ തരൂർ നേരിടാൻ പോകുന്ന പ്രതിസന്ധി ഗുരുതരമായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
'തരൂർ ഒരു വിശ്വപൗരനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷേ ആ വിശ്വപൗരന് പാർലമെന്റിൽ മത്സരിക്കാൻ സീറ്റ് കൊടുത്തത് പിണറായി വിജയനല്ല, കോൺഗ്രസ് പാർട്ടിയാണ്. അദ്ദേഹത്തെ ജയിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരുമാണ്. ഏതു പാർലമെന്റ് മെമ്പർ ആയാലും മുന്നിലെത്തുന്ന കാര്യങ്ങൾ വായിച്ചു നോക്കിയിട്ടെ ഒപ്പിടുകയുള്ളൂ. ഞാനും അങ്ങനെ തന്നെയാണ് ചെയ‌്തത്. എന്നാൽ വായിച്ചു നോക്കിയില്ലെന്ന് തരൂർ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒപ്പിടാൻ പറ്റില്ലെന്നാണ് തരൂർ പറഞ്ഞത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം, ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ പറ്റില്ല. ഇതുകൊണ്ട് ഗുരുതരമായ പ്രതിസന്ധി ഉണ്ടാകാൻ പോവുകയാണ്. അടുത്ത പാർലമെന്റ് ഇലക്ഷൻ വരുമ്പോൾ ശശി തരൂരിനെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്യാനിറങ്ങില്ല'- ഉണ്ണിത്താൻ പറഞ്ഞു.
സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം. ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.