
ന്യൂഡൽഹി: റിയർ ബ്രേക്കിൽ കണ്ടെത്തിയ തകരാർ പരിഹരിക്കുന്നതിന് വേണ്ടി 26,300 ഓളം റോയൽ എൻഫീൽഡിന്റെ ക്ളാസിക്ക് 350 ബൈക്കുകൾ കമ്പനി മടക്കി വിളിക്കുന്നു. 2021ൽ പുറത്തിറക്കിയ വാഹനങ്ങളാണ് മടക്കി വിളിക്കുന്നത്. വാഹനത്തിന്റെ ബ്രേക്കിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ തകരാർ കാരണമാണ് വാഹനങ്ങൾ അടിയന്തരമായി മടക്കിവിളിക്കുന്നതിന് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
റോയൽ എൻഫീൽഡ് അധികൃതർ മാദ്ധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ ബൈക്കിന്റെ റിയർ വീലിന്റെ സ്വിംഗ് ആമിൽ ഘടിപ്പിച്ചിട്ടുള്ള ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റിലെ ഒരു ഘടകത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.2021ൽ പുറത്തിറങ്ങിയ ക്ളാസിക്ക് 350ൽ മാത്രമാണ് ഈ ഭാഗം ഉപയോഗിച്ചിട്ടുള്ളത്. ക്ളാസിക്കിന്റെ എ ബി എസ് പതിപ്പിലും ഡ്രം ബ്രേക്ക് പതിപ്പിലും തകരാർ കണ്ടെത്തിയ ഭാഗം ഉപയോഗിച്ചിട്ടുണ്ട് എന്നതിനാൽ ഈ സീരീസിലെ എല്ലാ വാഹനങ്ങളും മടക്കി വിളിക്കാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണ്.
അമിതമായി റിയർ ബ്രേക്കിൽ ചവിടുമ്പോൾ ബ്രേക്ക് തകരാറിലാകുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതനുസരിച്ചാണ് എൻഫീൽഡ് 2021ലെ വാഹനങ്ങൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്. പതിവിലും കൂടുതൽ ശക്തിയിൽ ബ്രേക്ക് അമർത്തേണ്ടി വന്നാൽ പിന്നീട് ബ്രേക്ക് ചവിട്ടുമ്പോൾ പിന്നിൽ നിന്നും ശബ്ദം കേൾക്കുന്നതും പതുക്കെ ബ്രേക്കിന്റെ പ്രവർത്തന ക്ഷമത കുറഞ്ഞുവരുന്നതുമാണ് ലക്ഷണങ്ങൾ. വാഹനം ഓടിക്കാൻ ദുർഘടമായ സാഹചര്യങ്ങളിൽ ബ്രേക്ക് പ്രതീക്ഷിക്കുന്നത് പോലെ പ്രവർത്തിക്കാത്തതും വാഹനത്തിന്റെ പോരായ്മയായി ഉടമകൾ പരാതിപ്പെട്ടതും കമ്പനി കണക്കിലെടുത്തിരുന്നു. സെപ്തംബർ ഒന്നിനും ഡിസംബർ അഞ്ചിനും ഇടയിൽ നിർമിച്ച എൻഫീൽഡ് ക്ലാസിക്കിൽ മാത്രമാണ് തകരാർ കണ്ടെത്തിയിട്ടുള്ളത്.