
ആലപ്പുഴ: ഇരട്ടകൊലപാതകത്തിലെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അവരെല്ലാം പ്രതികളാണോ എന്നത് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ നടന്നു വരികയാണ്, കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി കേസിൽ കൂടുതൽ വ്യക്തത വരുമെന്നും എ ഡി ജി പി പറഞ്ഞു. ഷാനിന്റെ കൊലപാതകത്തിൽ രണ്ട് അറസ്റ്റ് മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രൺജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നതും വ്യക്തമല്ല , ഇക്കാര്യത്തിലും ഇന്ന് വൈകുന്നേരത്തോടെ വ്യക്തത വരുമെന്നും എ ഡി ജി പി അറിയിച്ചു.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ പോസ്റ്റുകൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.