omicron

ന്യൂഡൽഹി: രാജ്യത്ത് പുതുതായി പത്തൊൻപത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. ഇതുവരെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളമുൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ പത്തിൽ കൂടുതൽ കേസുകളുണ്ട്.

77 പേർ ഇതുവരെ രോഗമുക്തരായി. അതേസമയം ഒമിക്രോണിന്റെ ഗുരുതര വ്യാപനത്തിന് തെളിവില്ലെന്ന് വിദഗ്ദ്ധസമിതി വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം.

പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ രാത്രികാല കർഫ്യു നീട്ടി. സംസ്ഥാനത്തെ എട്ട് നഗരങ്ങളിലെ രാത്രി കർഫ്യു ഈ മാസം 31 വരെയാണ് നീട്ടിയത്. ഹോട്ടലുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 75 ശതമാനം മാത്രമേ അനുവദിക്കൂ.

അമേരിക്കയിൽ ഒമിക്രോൺ മരണം

അമേരിക്കയിൽ ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചു. ടെക്സാസിലാണ് ഒമിക്രോൺ രോഗം ബാധിച്ചയാൾ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു.