
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാർക്കിടയിൽ വേർതിരിവുകളുണ്ടെന്നും താൻ നിരവധി തവണ അതിന് ഇരയായിട്ടുണ്ടെന്നും ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. 2018ലെ ഇംഗ്ളണ്ട് പര്യടനത്തിൽ പരിക്കിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണയ്ക്കാൻ ടീമിനുള്ളിൽ നിന്നും ആരും മുന്നോട്ട് വന്നില്ലെന്ന് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അശ്വിൻ ആരോപിച്ചു.
ടീമിലുള്ള ചിലർക്ക് അവർ അർഹിക്കുന്നതിൽ കൂടുതൽ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ പരിഗണന തനിക്ക് ലഭിക്കാതിരുന്നതിൽ വളരെയേറെ വിഷമം തോന്നിയിരുന്നെന്നും അശ്വിൻ സൂചിപ്പിച്ചു. 2018ലെ ഇംഗ്ളണ്ട് പര്യടനത്തിനിടെ പരിക്ക് തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും അതിനെ അവഗണിച്ചാണ് താൻ ടീമിന് വേണ്ടി പന്തെറിഞ്ഞതെന്നും അശ്വിൻ പറഞ്ഞു. ഓരോ ഓവർ എറിഞ്ഞു കഴിയുമ്പോഴും വല്ലാതെ കിതയ്ക്കുമായിരുന്നെന്നും ആ സമയങ്ങളിൽ ഒന്ന് ആശ്വസിപ്പിക്കാൻ ആരെങ്കിലും വന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ടെന്നു അശ്വിൻ പറഞ്ഞു. മതിയായ പിന്തുണ ലഭിക്കാത്തതിനാൽ പലപ്പോഴും ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
2018ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയും സമാനമായ സാഹചര്യമായിരുന്നെന്നും അന്നെല്ലാം വീട്ടുകാർ നൽകിയ പിന്തുണ കാരണമാണ് താൻ ക്രിക്കറ്റ് ജീവിതം തുടർന്നതെന്നും അശ്വിൻ പറഞ്ഞു. ആ സമയത്ത് ടീമിൽ നിന്ന് ആരും തന്നോട് സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും പലപ്പോഴും നാട്ടിലുള്ള ഭാര്യയോട് മാത്രമായിരുന്നു താൻ തന്റെ വിഷമങ്ങൾ പങ്കുവച്ചിരുന്നതെന്നും താരം സൂചിപ്പിച്ചു. തന്റെ മനസിലുള്ള വിഷമങ്ങൾ തുറന്നു പറയാൻ സാധിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ അന്ന് താൻ അനുഭവിച്ച പകുതി പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമയിരുന്നെന്നും എന്നാൽ അത്തരമൊരു പിന്തുണ ടീമിലുണ്ടായിരുന്ന ആരിൽ നിന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.