
കൊച്ചി: ആർ ബാലകൃഷ്ണപിള്ള രൂപീകരിച്ച പാർട്ടിയായ കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടിയുടെ പുതിയ അദ്ധ്യക്ഷയായി ബാലകൃഷ്ണപിള്ളയുടെ മകളും കെ ബി ഗണേശ് കുമാർ എം എൽ എയുടെ സഹോദരിയുമായ ഉഷ മോഹൻദാസിനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിലാണ് തീരുമാനം.
ഏകാധിപതിയെ പോലെയാണ് ഗണേശ് കുമാർ പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിവുള്ള എം എൽ എയാണ് അദ്ദേഹമെന്നും എന്നാൽ ചെയ്യേണ്ട കടമകൾ ചെയ്യുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഒരു ജനകീയനാകുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനാകില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹൻദാസ് പറഞ്ഞു.
കെ ബി ഗണേശ് കുമാർ പാർട്ടിയുടെ എം എൽ എയായി തുടരുമെന്നും അദ്ദേഹത്തെ പാർട്ടിയിൽ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് ബി വർക്കിംഗ് ചെയർമാനും മുൻ എം എൽ എയുമായ എം കെ മാണി പറഞ്ഞു. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മരണത്തിനുശേഷം പാർട്ടിയിൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. പിള്ള അന്തരിച്ചപ്പോൾ പാർട്ടിയുടെ ചെയർമാൻ പദവി മകൻ ഗണേശ് കുമാറിന് താത്ക്കാലികമായി നൽകുകയായിരുന്നു. എന്നാൽ ഗണേശ് കുമാർ പാർട്ടി യോഗങ്ങൾ വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന് മൂത്ത മകളായ ഉഷ മോഹൻദാസ് ആരോപിച്ചിരുന്നു. പിള്ളയുടെ മരണശേഷം ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരാൻ സാധിച്ചിരുന്നില്ല. സംസ്ഥാന സമിതി വിളിച്ചു ചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് കുമാർ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിക്കുകയായിരുന്നു. പതിനാല് ജില്ലാ പ്രസിഡന്റുമാരിൽ പത്ത് പേർ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.