
''എന്തെന്നാൽ രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാനും ഉണ്ടായിരിക്കും"" - മത്തായിയുടെ സുവിശേഷം 20-ാം വാക്യം പറയുന്നത് ക്രിസ്തുവിന്റെ കാര്യമാണെങ്കിലും ക്രിസ്തുവും ക്രിസ്ത്യാനിയും അല്ലാത്ത ഞാനും ഉണ്ടായിരുന്നു അവരുടെ മദ്ധ്യേ- എന്റെ ബാല്യത്തിൽ - 1970 കളിൽ.
പള്ളിമണികൾ കേട്ടുണർന്ന ഒരു ബാല്യമായിരുന്നു എന്റേത്. മല്ലനായ കൊല്ലം ജില്ല അതിലോലയായ ആലപ്പുഴയെ ആലിംഗനം ചെയ്യുന്ന 'ഞക്കനാൽ" എന്ന ഗ്രാമത്തിൽ ഇരുവശവും ക്രിസ്ത്യൻ പള്ളികൾ കാവൽനില്ക്കുന്ന ഒരു വീട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. നീർക്കോലിപോലെ വയലിലേക്കിഴയുന്ന ഒരു നടവഴിയായിരുന്നു ഞങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നത്. വഴിക്ക് അപ്പുറം പള്ളിവക പ്രൈമറി സ്കൂളും ഇപ്പുറം എന്റെ വീടും.
ആ സ്കൂളിലായിരുന്നു എന്റെ പ്രാഥമിക പഠനം 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ" - എന്ന പ്രാർത്ഥനയോടുകൂടി തുടങ്ങി ദേശീയഗാനത്തിലവസാനിക്കുന്ന ദിനങ്ങൾ. ഞായറാഴ്ചകളിൽ അത് 'സൺഡേസ്കൂളാക്കും" അപ്പോഴും വേദപാഠങ്ങൾ വീട്ടിലിരുന്നു കേൾക്കാമായിരുന്നു. അയൽക്കാരും സഹപാഠികളും കൂട്ടുകാരുമായ രാജുവും റോയിയും ജോണിയും ബെന്നിയുമെല്ലാം സൺഡേ സ്കൂൾ വിട്ടു വന്നാൽ ഒരുമിച്ചു കൂടും. ക്രിസ്തുവും ബൈബിളും മറ്റുമായിരുന്നു അവരുടെ ചർച്ചാവിഷയം അപ്പോഴെല്ലാം 'അവരുടെ മദ്ധ്യേ- മുസ്ലീമായ ഞാനും"ഉണ്ടാകും. ഞാൻ അന്യമതക്കാരനാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടേ ഇല്ല. 'ആരും അന്യരല്ല."എന്നാണല്ലോ ബൈബിളും പഠിപ്പിക്കുന്നത്.
ബാല്യത്തിൽ ചെയ്തു കൂട്ടുന്ന വികൃതികൾക്ക് ഉമ്മ ഞങ്ങളെ ശിക്ഷിക്കാൻ നോക്കുമ്പോൾ അഭയം പ്രാപിക്കുന്ന 'അമ്മച്ചി പ്ലാവുകൾ" ആയിരുന്നു അയൽവാസികളായ മേരിയമ്മച്ചിയും ശോശാമ്മച്ചിയും മറ്റും. മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ ഞങ്ങളെ സ്വന്തം മക്കളെപ്പോലെ നോക്കി വളർത്തിയവരായതുകൊണ്ട് ആ കരവലയങ്ങളെ ഭേദിക്കാൻ ഉമ്മയ്ക്കും കഴിഞ്ഞിരുന്നില്ല. 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന ക്രിസ്തുവചനം അന്വർത്ഥമാക്കി മൺമറഞ്ഞ ആ വളർത്തമ്മമാരെല്ലാം ക്രിസ്തുപദം പൂകിയിട്ടുണ്ടാകും.
ഓണവും സൺഡേ സ്കൂൾ വാർഷികവും ക്രിസ്മസുമായിരുന്നു ഞങ്ങളുടെ ആ നാട്ടുമൂലയിലെ അന്നത്തെ ആഘോഷങ്ങൾ. ഓണത്തിന് ഉറിയടിപോലെ, സൺഡേ സ്കൂൾ വാർഷികത്തിന് എല്ലാവർഷവും ഒരു ഡാൻസുണ്ടാകും 'എങ്ങനെ പോണിക്കാ..." എങ്ങനെ പോണിക്കാ' എന്നു തുടങ്ങുന്ന, യാഥാസ്ഥിതികരായ മുസ്ലീങ്ങളെ പരിഹസിക്കുന്ന ഒരു ഡാൻസ്. ഹാസ്യരസപ്രധാനമായ ആ ഡാൻസ് മുസ്ലീങ്ങളായ ഞങ്ങളും നന്നായി ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല അതിലെ ഉമ്മാ വേഷക്കാരിക്കും താത്ത വേഷക്കാരിക്കും ധരിക്കാനുള്ള കുപ്പായവും കാച്ചിമുണ്ടും മറ്റും കൊടുത്തിരുന്നത് ഞങ്ങളുടെ ഉമ്മൂമ്മയുമായിരുന്നു.
ക്രിസ്മസ് കുട്ടികളുടെ സർഗാത്മകതയുടേയും കരവിരുതുകളുടേയും വികാസകാലം കൂടിയായിരുന്നു. ഇന്നത്തെപ്പോലെ ബഹുരൂപ-ബഹുവർണ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടും ക്രിസ്മസ് ഫാദറിന്റെ വേഷവിധാനങ്ങളും കമ്പോളത്തിൽ വാങ്ങാൻ കിട്ടിയിരുന്നില്ല. ഞങ്ങളുടെ ഭാവനയും കരവിരുതുമുപയോഗിച്ച് അവയെല്ലാം സ്വയം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ക്രിസ്മസ് ന്യൂ ഇയർ കാർഡുകൾപോലും പോസ്റ്റ് കാർഡ് വാങ്ങി അതിൽ മനോഹര ചിത്രങ്ങൾ വരച്ച് അയക്കാറുണ്ടായിരുന്നു. ഇങ്ങനെ കുട്ടികളിലെ ശില്പകലയേയും ചിത്രകലയേയും കൈപിടിച്ചുയർത്തിയ ക്രിസ്തുമസിനെ ഇന്ന് പൂർണമായും കമ്പോളം വിഴുങ്ങിയിരിക്കുന്നു.
നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയും പുൽക്കൂടും ക്രിസ്മസ് ഫാദറും ക്രിസ്മസ് -ന്യൂ ഇയർ കാർഡുകളും കണ്ണുകൾക്ക് വിരുന്നൊരുക്കുമ്പോൾ കാതിൽ കനകചിലങ്ക കിലുക്കുന്നു ക്രിസ്തുമസ് കരോൾ ഗാനങ്ങൾ. മാനം മഞ്ഞുപെയ്യുമ്പോൾ മനസിൽ മന്നപൊഴിക്കുന്ന ഗാനങ്ങളുമായി ഗായകസംഘങ്ങൾ നാടുചുറ്റിയിരുന്നു അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനവും നേർന്നുകൊണ്ടുള്ള ഗാനങ്ങൾ പാടി രാവുകളെ ഊഷ്മളമാക്കി മുന്നേറിയ ഗായകസംഘങ്ങളുടെ പിന്നിൽ ഞാനുമെത്രയോ നടന്നിരിക്കുന്നു. പാടാനറിയില്ലെങ്കിലും രാത്രിയുടെ ഇരുട്ടിൽ താളത്തിന്റെ ചിമിട്ടിൽ കൂടെപ്പാടാൻ ആർക്കും കഴിയുമായിരുന്നു. ഇങ്ങനെ കൂട്ടത്തിൽ പാടുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തിന്റെ ബലത്തിൽ ഗായകരായവരും വാദ്യോപകരണ വിദഗ്ദ്ധരായവരുംവരെ ഉണ്ട്. പരമ്പരാഗത ഗാനങ്ങൾക്കൊപ്പം പുതിയ ഗാനങ്ങളെഴുതി ഈണം കൊടുത്ത് പാടിയിട്ടിമുണ്ട്. അത്തരം ചില ഗാനങ്ങൾ എഴുതാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. പിന്നീട് കവിതകളും കഥകളും ലേഖനങ്ങളുമെഴുതാൻ പ്രേരണയായത് കൗമാരകാലത്ത് ആദ്യമായെഴുതിയ ആ ഗാനങ്ങളായിരുന്നു. ഇത്തരത്തിലെല്ലാം എന്നെ ഞാനാക്കുന്നതിൽ ക്രിസ്തുവിനും ക്രിസ്മസിനും നിസ്തുലമായ പങ്കുണ്ട്. അതുകൊണ്ട് ക്രിസ്മസ് എന്റേതു കൂടിയാണ്.