
വിശ്വാസികൾക്ക് പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് പുരാതനമായ ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രം. കേരളത്തിൽ മറ്റൊരിടത്തും കണ്ടെത്തുവാൻ സാധിക്കാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രത്തിന്റേത്. ഏകദേശം 1000 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം . ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രണ്ടുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായാണ് ദേവിയെ ദർശിക്കുവാൻ കഴിയുക.
ഒരു ശ്രീകോവിലിൽ അഞ്ച് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവതകളെ ശിലാ വിഗ്രഹങ്ങളായാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും പ്രതിഷ്‌ഠകളും കാണാം.
ഗർഭിണി രൂപത്തിലുള്ള ഉപദേവത
കാക്കാത്തിയമ്മ എന്നാണ് ഈ ഉപപ്രതിഷ്ഠ അറിയപ്പെടുന്നത്. വിളിച്ചാൽ വിളിപ്പുറത്തുള്ള കാക്കാത്തിയമ്മ കഷ്ടതകളിൽ തന്റെ ഭക്തരെ സഹായിക്കുമെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഏകദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്‌ഠ സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് കാക്കാത്തിയമ്മയുടെ രൂപമുള്ളത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്.
ഐതീഹ്യം
അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗർഭം ധരിക്കുകയും തുടർന്ന് അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവച്ചു കൊല്ലുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ ഒരുമിച്ച് ആ പ്രദേശത്ത് പല അനിഷ്ട സംഭവങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ഛന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ധി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു.
ആദ്യ കാലങ്ങളിൽ ഇവിടെ ശിവക്ഷേത്രം മാത്രമാണുണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് അച്ചൻകോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ആരാധനാമൂർത്തി ആയിരുന്നു ഭുവനേശ്വരി ദേവീ. പിന്നീട് വന്ന അനന്തരഗാമികളായ ബ്രാഹ്മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്തി. തുടർന്ന് പല അനിഷ്ടങ്ങളും ഉണ്ടാകുകയും കാലക്രമേണ ബ്രാഹ്മണകുടുംബം അന്യംനിന്നുപോകുകയും ചെയ്തു, അങ്ങനെയിരിക്കെ വർഷകാലമായപ്പോൾ അച്ചൻകോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊണ്ട് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി.
തുടർന്ന് സമീപത്തുള്ള കാവുംതറ എന്ന ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കണ്ടെത്തുകയും പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു ഇരിക്കുവാനും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. കാലക്രമേണ ആ വീട്ടിൽ ചില കഷ്‌ടനഷ്‌ടങ്ങൾ ഉണ്ടായിത്തുടങ്ങി പ്രശ്നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്, ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു. അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കണ്ട് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ച ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നിർവഹിച്ചു. അതാണ് ഇന്നത്തെ ക്ഷേത്രത്തിൽ കാണുന്നത്.
നടയ്ക്കുള്ളിൽ കയറി വഴിപാട്
നടയ്ക്കുള്ളിൽ കയറി വഴിപാട് കഴിക്കാവുന്ന ഉപദേവതാ ഉള്ള ക്ഷേത്രമാണിത്. കേരളത്തിൽ ഈ ഒരു ക്ഷേത്രത്തിൽ മാത്രമേ ഇത്തരത്തിൽ ഒരു സൗകര്യമുള്ളൂ. ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിലെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് നടക്കുന്നത്. കളമെഴുത്ത്, പാട്ടിൻകൊട്ട്, എതിരേൽപ്പ് (പഴക്കമേറിയ തങ്ക ജീവതയിൽ എഴുന്നള്ളിപ്പ്),കാപ്പഴിച്ച് താലപ്പൊലി, ഗുരുതി എന്നിവ ആണ് ആ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ.