
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്‌ക്ക് സ്ഥലമേറ്റെടുത്തിട്ടും നഷ്‌ടപരിഹാരം നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു.
വിളപ്പിൽശാല സ്വദേശിയായ രാജി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്‌തത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജി സ്ഥലം വിറ്റ തുക കിട്ടിയാൽ കടം തീർക്കാമെന്നായിരുന്നു മനസിൽ കരുതിയിരുന്നത്. എന്നാൽ പണം കിട്ടാതെ വന്നതോടെ മറ്റു വഴികളില്ലാതെ ആത്മഹത്യ ചെയ്‌തതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭൂമി വിട്ടു നൽകിയ നാട്ടുകാരും ചേർന്നാണ് പ്രതിഷേധിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ തുടർ സമരം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് 50 ഏക്കറായി കുറയ്‌ക്കുകയായിരുന്നു.