
മനില:ഫിലിപ്പൈൻസിൽ കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുന്ന റായ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 375 കടന്നതായി റിപ്പോർട്ട്. 500 പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 195 കി.മീ വേഗത്തിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് രാജ്യത്തെ തെക്ക് - കിഴക്കൻ ദ്വീപുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. ഈ പ്രദേശങ്ങളിലെ ഏകദേശം 400,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 3,80,000 ത്തോളം ആളുകൾ വീട് വിട്ട് പലായനം ചെയ്തതായാണ് വിവരം. ചുഴലിക്കാറ്റിനെ തുടർന്ന് മിക്ക പ്രദേശങ്ങളിലും ആശയ വിനിമയ ബന്ധം പൂർണമായും തകരാറിലായ നിലയിലാണ്. ശക്തമായ മഴയെത്തുടർന്നുണ്ടായ വ്യാപകമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ള നിരധി സ്‌കൂളുകളും ആശുപത്രികളും തകർന്നു. രക്ഷാപ്രവർത്തനത്തിനായി ആയിരക്കണക്കിന് സൈനികരെയും കോസ്റ്റ് ഗാർഡിനെയും അഗ്നിശമനസേനയെയും ദുരിത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സൈനിക വിമാനങ്ങളും നാവികസേനാ കപ്പലുകളും നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നുണ്ട്.അതേ സമയം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെ വ്യോമനിരീക്ഷണം നടത്തി. 2013 ൽ രാജ്യത്ത് ആഞ്ഞടിച്ച ഹൈയാൻ ചുഴലിക്കാറ്റിൽ ആറായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഫിലിപ്പൈൻസിൽ ഏകദേശം 20 ചുഴലിക്കാറ്റുകളാണ് ഒരോ വർഷവും ആഞ്ഞടിക്കുന്നത്.