youtube-channels-

ന്യൂഡൽഹി : പാകിസ്ഥാൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ന്യൂസ് പോർട്ടലുകളെയും, യൂ ട്യൂബ് ചാനലുകളെയും തടഞ്ഞ് കേന്ദ്രം. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തിയതിന് 20 യൂട്യൂബ് ചാനലുകൾക്കും രണ്ട് വെബ്‌സൈറ്റുകൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്കേർപ്പെടുത്തി. കാശ്മീർ, സൈന്യം, രാം മന്ദിർ, ജനറൽ ബിപിൻ റാവത്ത് തുടങ്ങി വിവിധ വിഷയങ്ങളിൽ ഇന്ത്യ വിരുദ്ധത വിളമ്പിയ ചാനലുകളെയാണ് വിലക്കിയത്.


രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടിക്ക് മുതിർന്നത്. ഈ ചാനലുകളുടെ പ്രവർത്തനം തടയാനുള്ള നടപടി സ്വീകരിക്കാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

കർഷകരുടെ സമരം, പൗരത്വ (ഭേദഗതി) നിയമം തുടങ്ങിയ വിഷയങ്ങൾ രാജ്യവിരുദ്ധത കൂട്ടിച്ചേർത്ത് വീഡിയോകൾ നിർമ്മിച്ച യൂട്യൂബ് ചാനലുകൾ ന്യൂനപക്ഷങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നതിനാണ് ശ്രമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിയ്ക്കുന്നതിനും ചാനലുകൾ ശ്രമിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഇന്ത്യയ്‌ക്കെതിരെ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾക്ക് സമാനമായിരുന്നു ഇവയുടെ പ്രവർത്തനം.