hantex

തിരുവനന്തപുരം: പൂർണമായും കൈകൊണ്ട് നെയ്‌തെടുത്ത തുണിയുപയോഗിച്ച് ഉന്നതനിലവാരത്തോടെ നിർമ്മിക്കുന്ന റെഡിമെയ്ഡ് ഷർട്ടുകളുമായി ഹാന്റക്‌സ്. രാജ്യത്തിനകത്തും പുറത്തുമുള്ള കൈത്തറിപ്രിയരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഷർട്ടുകളുടെ പ്രകാശനം നാളെ നടൻ മോഹൻലാൽ നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.

ആധുനികസൗകര്യങ്ങളോടെ ഹാന്റക്‌സ് ആസ്ഥാന മന്ദിരത്തോട് ചേർന്ന് സജ്ജമാക്കിയ ഹാന്റക്‌സ് ഗാർമെന്റ് യൂണിറ്റിലാണ് ഷർട്ടുകളുടെ നിർമ്മാണം. പ്രതിദിനം 500 ഷർട്ടുകൾ ഇവിടെ നിർമ്മിക്കാം. യൂണിറ്റ് നവീകരിക്കാൻ സർക്കാർ 3.15 കോടി രൂപ അനുവദിച്ചിരുന്നു. ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതിചെയ്‌ത അത്യാധുനിക തയ്യൽ മെഷീനുകൾ ഉപയോഗിച്ചാണ് ഷർട്ടുകളുടെ നിർമ്മാണം.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 250ലേറെ തറികളിലായാണ് ഷർട്ടിംഗിനാവശ്യമായ പ്രകൃതിദത്തമായ കോട്ടൺ, ലിനൻ തുണിത്തരങ്ങളുടെ ഉത്പാദനം. വിദഗ്ദ്ധരായ നെയ്‌ത്തുകാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഉന്നത നിലവാരത്തിന് പുറമേ ആകർഷകനിറങ്ങളിലും ഡിസൈനുകളിലുമാണ് ഷർട്ടുകൾ നിർമ്മിക്കുന്നത്.

കയറ്റുമതിയും ലക്ഷ്യം

കൈത്തറി ഉത്പന്നങ്ങളുടെ മികവുകൾ കരുത്താക്കി കയറ്റുമതി ഓർഡറുകൾ നേടാനും ഹാന്റക്‌സ് ശ്രമിക്കുന്നുണ്ട്. റെഡിമെയ്‌ഡ് ഷർട്ടുകൾ ഫോർമൽ, കാഷ്വൽ വിഭാഗങ്ങളിൽ ലഭിക്കും. ഷർട്ടിന് അനുയോജ്യമായ കരയുള്ള 'റോയൽ" ഡബിൾ മുണ്ടുകളും പ്രത്യേകതയാണ്. ബാലരാമപുരത്തെ തിരഞ്ഞെടുത്ത 300ഓളം തറികളിലാണ് റോയൽ മുണ്ടുകളുടെ നിർമ്മാണം.

 സംസ്ഥാനത്ത് ഹാന്റക്‌സിന്റെ 84 ഷോറൂമുകളിൽ ഷർട്ടുകളും മുണ്ടുകളും ലഭിക്കും.

 അടുത്തഘട്ടത്തിൽ ചിൽഡ്രൻസ് വെയർ, പാർട്ടിവെയർ എന്നിവയും വിപണിയിലിറക്കും.