lock-down-

ബംഗളൂരു : കർണാടകയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ സൂചന ലഭിച്ചതോടെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. പ്രധാനമായും ന്യൂ ഇയർ ആഘോഷങ്ങൾക്കാണ് വിലക്ക്. കൂട്ടം കൂടിയുള്ള ആഘോഷങ്ങൾ സംസ്ഥാനത്ത് ഒരിടത്തും അനുവദിക്കില്ല, ഇതിന് പുറമേ റെസ്റ്റോറന്റുകളും ബാറുകളും മൊത്തം ശേഷിയുടെ അമ്പത് ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഡി ജെ പാർട്ടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പടെയുള്ള കൊവിഡ് കേസുകളിൽ ദിനംപ്രതി വർദ്ധനവുണ്ടാകുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ. ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഡിസംബർ മുപ്പത് മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പാർട്ടികൾക്ക് പുറമേ ബഹുജന സമ്മേളനളും അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 'ഞങ്ങൾ പുതുവർഷത്തിന്റെ പൊതു ആഘോഷങ്ങൾ നിയന്ത്രിച്ചിരിക്കുന്നു, അതേസമയം ഡി ജെ പോലുള്ള പരിപാടികളൊന്നുമില്ലാതെ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയുള്ള ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലും ആഘോഷങ്ങൾ അനുവദനീയമാണ്,' മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊവിഡ് നയരൂപീകരണവുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിലൂടെ ബസവരാജ് ബൊമ്മൈ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ഉണ്ടായ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ.


നഗരത്തിലെ ഫ്ളാറ്റുകളിലും മറ്റും ന്യൂ ഇയർ പ്രമാണിച്ച് പാർട്ടികളും, ഡി ജെയും നടത്തുന്നതും വിലക്കിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.