imran

ഖൈബർ പക്‌തൂൺഖ്വ: കൊവിഡ് കാലത്തെ രാജ്യത്തെ പ്രതിസന്ധിയും തൊഴിലില്ലായ്‌മയും തൊഴിൽ നഷ്‌ടവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുകയാണ് പാകിസ്ഥാൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജനങ്ങളിലുള‌ള അപ്രീതി വർദ്ധിക്കുന്നതിന്റെ സൂചനകൾ ഇപ്പോൾ പുറത്തുവരികയാണ്. കഴിഞ്ഞ എട്ട് വർഷങ്ങളായി പാക് പ്രധാനമന്ത്രിയുടെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫ് പരാജയമറിയാതെ ഭരിക്കുന്ന ഒരു പ്രവിശ്യയിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റു. 21 സീറ്റുകളിലാണ് ഇവി‌ടെ പ്രതിപക്ഷ പാർട്ടികൾ വിജയിച്ചത്.

മേയർമാരെയും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കാനായി വടക്കുപടിഞ്ഞാറൻ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 34 സീ‌റ്റുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ഫലംവന്ന അതേ തരത്തിലാണ് ലീഡ് നിലയുമുള‌ളത്.

കഴിഞ്ഞ രണ്ട് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലും ഇമ്രാൻ ഖാന്റെ പാർട്ടി മികച്ച വിജയം നേടുകയും ഭരണം നേടുകയും ചെയ്‌തിരുന്നു ഇവിടെ. ഡിസംബർ 24നാണ് അന്തിമഫലം പുറത്തുവരിക. പണപ്പെരുപ്പവും കുറഞ്ഞ സാമ്പത്തിക വളർച്ചയും ഇമ്രാന്റെ തകർച്ചയ്‌ക്ക് കാരണമായതായി ദാവൂദ് ഇക്വിറ്റീസ് ലിമിറ്റഡ് കോർപറേറ്ര് മേധാവി മേമൂന തൻവീർ പറഞ്ഞു.

PTI made mistakes in 1st phase of KP LG elections & paid the price. Wrong candidate selection was a major cause. From now on I will personally be overseeing PTI's LG election strategy in 2nd phase of KP LG elections & LG elections across Pak. InshaAllah PTI will come out stronger

— Imran Khan (@ImranKhanPTI) December 21, 2021

ഏഷ്യയിലെ ഏറ്റവും മോശമായ പ്രകടനമുള‌ള കറൻസി പാകിസ്ഥാനിലേതാണ്. പാർട്ടിയിലെ മോശം സ്ഥാനാർത്ഥി നിർണയമാണ് പരാജയ കാരണമെന്നാണ് ഇമ്രാന്റെ പ്രതികരണം. രണ്ട് വർഷം കൂടി ബാക്കിയുള‌ളതായും തിരഞ്ഞെടുപ്പിൽ തിരിച്ചുവരവിന് ഇത് സഹായിക്കുമെന്നാണ് തെഹ്‌രീക് ഇ ഇൻസാഫ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. അടുത്ത ഘട്ടം തിരഞ്ഞെടുപ്പിൽ പാർട്ടി തിരികെയെത്തുമെന്ന് ഇമ്രാൻ ഖാനും ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു.