suicide

ആലുവ: കടയിൽ വ്യാപാരം നടക്കുന്ന സമയത്ത് സ്ഥാപന ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ റെയിൽവെ സ്‌റ്റേഷൻ റോഡിലെ ഹസ്‌നാസ് ടെക്‌സ്‌റ്റയിൽ ഉടമ കൊടികുത്തുമല മണ്ണാറവീട്ടിൽ സാജിദ്(49) ആണ് സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചത്.

വസ്‌ത്രവ്യാപാര ശാലയുടെ മൂന്നാം നിലയിലെ മുറിയിലാണ് സാജിദ് ആത്മഹത്യ ചെയ്‌തത്. സ്ഥാപനം നടത്തിയിരുന്ന സാജിദിന് ധാരാളം കടമുണ്ടായിരുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു. ലോക്ഡൗൺ കാലത്ത് ഏറെനാൾ കടയടഞ്ഞുകിടന്നത് വലിയ പ്രയാസമുണ്ടാക്കി.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. ആർക്കും ബാദ്ധ്യതയാകാതിരിക്കാനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് സാജിദ് കുറിച്ചിരുന്നു. മുകളിലെ നിലയിലേക്ക് കയറിപ്പോയ കടയുടമ രണ്ട് മണിക്കൂറായിട്ടും ഇറങ്ങിവരാത്തതിനാൽ സ്ഥാപനത്തിലെ ജീവനക്കാരി വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.