
ന്യൂഡൽഹി : ഇന്ത്യയിലെത്തിയ റഷ്യയുടെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ ഇന്ത്യ ആദ്യം സ്ഥാപിക്കുന്നത് പഞ്ചാബ് സെക്ടറിൽ. പാകിസ്ഥാന്റെയും, ചൈനയുടെ ആക്രമണം ഒരു പോലെ തടയാനാകും എന്നതിനാലാണ് എസ്400നെ പഞ്ചാബിൽ നിലനിർത്താൻ ഇന്ത്യ തയ്യാറായത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിക്ക് വലിയ ഉത്തേജനമാണ് എസ്400 സ്വന്തമാക്കിയതിലൂടെ ഇന്ത്യയ്ക്കായത്.
'ആദ്യ സ്‌ക്വാഡ്രൺ പഞ്ചാബ് സെക്ടറിലാണ് വിന്യസിച്ചിരിക്കുന്നത്. ആദ്യ സ്‌ക്വാഡ്രണിന് പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള വ്യോമാക്രമണങ്ങളെ നേരിടാൻ കഴിയുമെന്ന്,' സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
ലോകരാജ്യങ്ങൾ സ്വന്തമാക്കാൻ കൊതിക്കുന്ന റഷ്യയുടെ അത്യാധുനിക പ്രതിരോധ കവചത്തിലെ ഭാഗങ്ങൾ ഈ മാസം ആദ്യം മുതൽ ഇന്ത്യയിൽ എത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുൻപായി എസ് 400 എത്തിക്കുക എന്ന ദൗത്യമാണ് റഷ്യ നടത്തിയത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പഞ്ചാബിൽ യൂണിറ്റ് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. 35,000 കോടി രൂപയുടെ കരാറാണ് എസ്400 വ്യോമ പ്രതിരോധ സംവിധാനത്തിനായി ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. 400 കിലോമീറ്റർ വരെയുള്ള വ്യോമാക്രമണ ഭീഷണി നേരിടാൻ ഇന്ത്യയ്ക്ക് അഞ്ച് സ്‌ക്വാഡ്രണുകളാണ് റഷ്യ നൽകുന്നത്. ഇതിൽ ഈ വർഷം അവസാനത്തോടെ ആദ്യ സ്‌ക്വാഡ്രൺ ഡെലിവറികൾ പൂർത്തിയാകും. സമുദ്ര, വ്യോമ മാർഗങ്ങളിലൂടെയാണ് ഉപകരണ ഭാഗങ്ങൾ ഇന്ത്യയിൽ എത്തിച്ചത്.
പഞ്ചാബിൽ ആദ്യ സ്‌ക്വാഡ്രൺ വിന്യസിച്ചതിന് ശേഷം വ്യോമസേന കിഴക്കൻ അതിർത്തികളിലാവും പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യയിൽ പോയി ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർ ഈ സംവിധാനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ദക്ഷിണേഷ്യൻ ആകാശത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന എസ്400ന് 400 കിലോമീറ്റർ ദൂരത്തിൽ നിന്ന് ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും തച്ചുതകർക്കാനുള്ള ശേഷിയുണ്ട്. നാല് വ്യത്യസ്ത മിസൈലുകളാണ് എസ്400 മിസൈൽ പ്രതിരോധ സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ശത്രുവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്സ് വിമാനങ്ങൾ എന്നിവയെ 400 കി.മീ, 250 കി.മീ എന്നീ ദൂരത്തിലും, 120, 40 കി.മീ എന്നീ ഹ്രസ്വദൂരത്തിലും പ്രതിരോധിക്കാൻ സംവിധാനങ്ങളുണ്ട്.
മറ്റ് രാജ്യങ്ങൾ സ്വന്തമാക്കിയതിനേക്കാൾ ഏകദേശം ഒരു ബില്യൺ ഡോളർ കുറവിലാണ് എസ് 400 ഇന്ത്യ സ്വന്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധവും, വിലപേശലുകളടങ്ങിയ ചർച്ചകളുമാണ് ഇതിന് സഹായിച്ചത്.