kid
വീടിന്റെ മുകൾ നിലയിൽ നിന്നും പോലീസും ഫയർഫോഴ്സും ചേർന്ന് യുവാവിൽ നിന്നും കുഞ്ഞിനെ സുരക്ഷിതമായി മോചിപ്പിച്ച് പുറത്ത് വന്നപ്പോൾ

 വഴുതൂരിൽ നാടകീയ രംഗങ്ങൾ  പൊലീസെത്തി കുട്ടിയെ രക്ഷിച്ചു

നെയ്യാറ്റിൻകര: മുത്തശ്ശിയുടെ തലയ്‌ക്ക് വെട്ടിപ്പരിക്കേല്പിച്ചശേഷം യുവാവ് കു‌ഞ്ഞിനെ തട്ടിയെടുത്ത് വീട്ടിൽക്കയറി കതകടച്ചു. ഏറെനേരത്തെ ആശങ്കയ്‌ക്കുശേഷം കുഞ്ഞിനെ യുവാവ് പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വഴുതൂരിലായിരുന്നു സംഭവം.

വഴുതൂർ മരുത്തൂ‌‌ർ കല്പിതത്തിൽ ശ്രീചിത്രയിലെ ജീവനക്കാരനായ കൃഷ്‌ണപ്രസാദിന്റെ മകൻ കിരണാണ് (26) മണിക്കൂറോളം എല്ലാവരെയും ഭീതിയിലാഴ്‌ത്തിയത്. കിരണിന്റെ വീടിന് മുന്നിൽ സംസാരിച്ച് നിൽക്കുകയായിരുന്നു അയൽവാസിയായ നീന (60). മകൻ വൈശാഖിന്റെ രണ്ടര വയസുള്ള ആൺകുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയം വെട്ടുകത്തിയുമായെത്തിയ കിരൺ നീനയുടെ തലയ്ക്ക് പിറകിൽ വെട്ടിയശേഷം കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ കയറി കതക് അടയ്‌ക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി വീടിന്റെ പിറകുവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയശേഷം മുറിതുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കിരൺ ആദ്യം തയ്യാറായില്ല. പിന്നീട് കതക് ചവിട്ടിപ്പൊളിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കുഞ്ഞിനെ തിരികെ ഏല്പിക്കുകയായിരുന്നു. ചെവിക്ക് താഴെ വെട്ടേറ്ര നീനയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരിക്ക് അടിമയായ യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കു‌ഞ്ഞിന്റെ അച്ഛനും അമ്മയും തന്നെ കളിയാക്കുന്നതിലുള്ള വൈരാഗ്യത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് യുവാവിന്റെ മൊഴി. അമ്മ മരിച്ചുപോയ യുവാവിന് വിവാഹിതയായ ഒരു സഹോദരിയുണ്ട്. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തന്നോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത കിരണിന് അയൽക്കാരോടെല്ലാം ശത്രുതയാണെന്നാണ് കിരണിന്റെ അച്ഛൻ കൃഷ്‌ണപ്രസാദ് പറയുന്നത്. കിരണിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്രഡിയിലെടുത്തു.

ഫോട്ടോ: കിരൺ