
പത്തനംതിട്ട: ആനിക്കാട് ചായക്കടയിൽ സ്‌ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. കിണറുപണിക്കാരനായ സണ്ണി ചാക്കോയ്‌ക്കെതിരെയാണ് സ്‌ഫോടകവസ്‌തു കൈവശം വച്ചതിന് കേസെടുത്തത്. ഇയാളുടെ അറസ്‌റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിൽ പരിക്കേറ്റ് നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് സണ്ണി ചാക്കോ. പാറ പൊട്ടിക്കാനായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുവാണ് രാവിലെ ചായക്കടയിൽ പൊട്ടിത്തെറിച്ചത്. ഒൻപത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ കൈപ്പത്തി അറ്റുപോയിട്ടുണ്ട്.
കടയിലെ ചില്ല് അലമാരകളിലെ ചില്ലുകളും സോഡാകുപ്പികളിലെ ചില്ലുകളും കുത്തിക്കയറിയാണ് പലർക്കും പരിക്കേറ്റത്. ഇവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിരവധി ക്വാറികൾ സമീപത്തായി പ്രവർത്തിക്കുന്ന സ്ഥലമാണ് ആനിക്കാട്.