sdpi

ആലപ്പുഴ: ബിജെപി നേതാവായ രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച്പേർ അറസ്‌റ്റിൽ. തിങ്കളാഴ്‌ച കസ്‌റ്റഡിയിലെടുത്ത അഞ്ചുപേരാണ് ഇന്ന് അറസ്‌റ്റിലായത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, സുധീർ, അർഷാദ്,ആസിഫ്,അലി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം എസ്‌ഡിപി‌ഐ പ്രവർത്തകരാണ്.

ഞായറാഴ്‌ച രാവിലെ ആറുമണിയോടെയാണ് ആലപ്പുഴ വെള‌ളക്കിണറിൽ വീട്ടിൽ നിന്നും പ്രഭാത നടത്തത്തിന് പുറപ്പെടുകയായിരുന്ന ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആറ് ബൈക്കുകളിലെത്തിയ സംഘം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം ശരീരത്തിൽ തുരുതുരെ വെട്ടി കൊല്ലുകയായിരുന്നു. ഭാര്യയും അമ്മയും കണ്ടുനിൽക്കെയായിരുന്നു കൊലപാതകം. അമ്മയെ തള‌ളിയിട്ട് കഴുത്തിൽ കത്തിവച്ചു. മകളുടെ നേരെയും വെട്ടാൻ ശ്രമിച്ചു.

എസ്‌ഡി‌പി‌ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്നവണ്ണമായിരുന്നു മണിക്കൂറുകൾക്കകം രൺജിത്തിനെ കൊലപ്പെടുത്തിയത്. 12ഓളം പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെന്നാണ് പൊലീസ് നൽകുന്ന സൂചന.