
ഒരു ജോലിയിൽ ഒന്നും ചെയ്യാതെ അഞ്ച് വർഷം തുടരാൻ ആർക്കെങ്കിലും കഴിയുമോ, അഥവാ ജോലി എടുക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കമ്പനി അയാൾക്ക് പ്രമോഷനും ശമ്പള വർദ്ധനവും നൽകും എന്ന് കരുതുന്നുണ്ടോ ? എന്നാൽ ഇവിടെ ഇതു രണ്ടും സംഭവിച്ചിരിക്കുകയാണ്. 2015ൽ ഒരു കമ്പനിയുടെ നൈറ്റ് ഷിഫ്റ്റിൽ ഡാറ്റാ എൻട്രിക്കായി ജോലി ലഭിച്ച യുവാവിനാണ് ഈ ഭാഗ്യം ഉണ്ടായത്. ജോലിയുടെ ഭാഗമായ ട്രയിനിംഗ് കഴിഞ്ഞയുടൻ നൈറ്റ് ഷിഫ്റ്റിൽ ഇയാളെ ജോലിക്ക് നിയോഗിച്ചു. രാത്രിയിലെ ജോലി ആയതിനാൽ കമ്പനി വർക്ക് ഫ്രം ഹോമിന് അനുവദിച്ചിരുന്നു. ഇമെയിലിൽ ലഭിക്കുന്ന ഓർഡറുകളുടെ വിവരങ്ങൾ കമ്പനിയുടെ സിസ്റ്റത്തിലേക്ക് ഇൻപുട്ട് ചെയ്യുകയായിരുന്നു ജോലി. എന്നാൽ ട്രെയിനിംഗ് സമയത്ത് തന്നെ ഇത് കോഡിംഗിലൂടെ ഓട്ടോമാറ്റിക്കായി എത്തിക്കാനാവും എന്ന് മനസിലാക്കിയ യുവാവ് മറ്റൊരാളുടെ സഹായത്തോടെ ഈ സാങ്കേതിക വിദ്യ തന്റെ കമ്പ്യൂട്ടറിൽ ചെയ്യുകയായിരുന്നു.
ജോലിക്കിടയിൽ ഒരു മണിക്കൂറിൽ എത്ര ഓർഡറുകളുടെ വിവരങ്ങൾ പ്രോസസ് ചെയ്യണം എന്ന കമാൻഡ് മാത്രമാണ് ഇയാൾക്ക് നൽകേണ്ടിയിരുന്നത്. ഇതിനായി അഞ്ച് മിനിട്ട് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് വർഷത്തിനകത്ത് നിരവധി ജോലികൾ തേടിയെത്തിയെങ്കിലും ഈ ജോലി വിട്ട് പോകാൻ ഇയാൾക്ക് മടിയായിരുന്നു. ഇതിനിടെ ഒരിയ്ക്കലും ലീവെടുക്കാതെ ജോലി ചെയ്തു എന്ന് കാണിച്ച് കമ്പനി രണ്ടുതവണ ശമ്പളം കൂട്ടി നൽകുകയും ചെയ്തു. അടുത്തിടെ കമ്പനി, യുവാവ് ചെയ്തിരുന്ന ജോലി പ്രോഗ്രാമിലൂടെ ചെയ്യാനാവുമെന്ന് വൈകി കണ്ടെത്തി. എന്നാൽ ഇത്രയും സമർത്ഥനായ പിഴവ് വരുത്താത്ത ഉദ്യോഗസ്ഥനെ പിരിച്ച് വിടാൻ കമ്പനി തയ്യാറായില്ല. അതിനാൽ ശമ്പള വർദ്ധനവോടെ മറ്റൊരു പോസ്റ്റിലേക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കമ്പനിയിലെ എന്റെ ജോലി എന്താണെന്ന് എന്റെ ഭാര്യക്ക് പോലും അറിയില്ലായിരുന്നു എന്നാണ് തന്റെ ജോലിയെ കുറിച്ച് യുവാവ് പ്രതികരിച്ചിരിക്കുന്നത്.