tejas

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ അഭിമാനമായ തേജസ് യുദ്ധവിമാനങ്ങൾ മിഗ് 21 വിമാനത്തിന് പകരമായിട്ടല്ല വ്യോമസേനയിൽ ചേർക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകരം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) നവീകരണത്തിന്റെ ഭാഗമായാണ് തേജസ് പ്രതിരോധ സേനയിൽ അണിനിരത്തുന്നത്. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് തേജസിന്റെ മേന്മ എടുത്ത് പറഞ്ഞത്.

ഇതുവരെ 24 എൽസിഎ തേജസുകളാണ് നിർമ്മിച്ച് സേനയ്ക്ക് വിതരണം ചെയ്തത്. ഇതിനായി 6,653 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പ്രതിരോധ സഹമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഈ യുദ്ധ വിമാനം നിർമ്മിക്കുന്നത്. 48,000 കോടി രൂപ ചെലവിൽ 123 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള കരാറാണ് എച്ച്എഎല്ലിന് വ്യോമസേന നൽകിയിട്ടുള്ളത്. എട്ട് വർഷം കൊണ്ട് 83 വിമാനങ്ങളുടെയും വിതരണം പൂർത്തിയാക്കും. മൂന്നാം വർഷത്തിൽ ആദ്യത്തെ മൂന്ന് വിമാനങ്ങളും തുടർന്നുള്ള അഞ്ച് വർഷത്തേക്ക് പ്രതിവർഷം 16 വിമാനങ്ങളും എച്ച്എഎൽ വിതരണം ചെയ്യും. വ്യോമസേനയുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് നിരവധി സാങ്കേതിക മാറ്റങ്ങൾ വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.