
സമഷ്‌ടിപൂർ: പൊതുജനങ്ങൾക്ക് കാഴ്‌ചയ്‌ക്കായി പ്രദർശിപ്പിച്ചിരുന്ന എഞ്ചിൻ പൊളിച്ച് ആക്രിവിലയ്‌ക്ക് വിൽക്കാൻ ശ്രമിച്ച റെയിൽവെ എഞ്ചിനീയർക്കെതിരെ കേസ്. ബീഹാറിലെ പുർണിയ ജില്ലയിൽ ബൻമാംഖിയിലെ എഞ്ചിനീയറായ രാജീവ് രഞ്ജൻ ഝായാണ് ഈ വമ്പൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഇയാളെ സസ്‌പെൻഡ് ചെയ്‌തതിനൊപ്പം ഇയാളുൾപ്പടെ ഏഴോളം റെയിൽവെ ജീവനക്കാർക്കെതിരെ കേസെടുത്തതായി സമഷ്‌ടിപൂർ ഡിവിഷൻ ഡിആർഎം അലോക് അഗർവാൾ അറിയിച്ചു.
പ്രദർശനത്തിന് വച്ചിരുന്ന മീറ്റർ ഗേജ് എഞ്ചിൻ ഝായുടെ നേതൃത്വത്തിൽ ഡിസംബർ 14ന് ഒരു സഹായിയോടൊപ്പം ഗ്യാസ് കട്ടറുപയോഗിച്ച് മുറിക്കുകയായിരുന്നു. സംഭവം ആർ.പി.എഫ് സബ്-ഇൻസ്‌പെക്‌ടർ എം.എം റെഹ്‌മാൻ ഇക്കാര്യം അന്വേഷിച്ചു. ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറുടെ ഉത്തരവുണ്ടെന്ന് ഝാ ഇതിന് മറുപടി നൽകി.
എന്നാൽ 'ആക്രി' സാധനങ്ങൾ റെയിൽവെയുടെ ഡീസൽ ഷെഡിൽ എത്തിയിട്ടില്ലെന്ന് പിറ്റേന്ന് റെയിൽവെ അധികൃതർ മനസിലാക്കി. ഇതോടെ അന്വേഷണം ആരംഭിക്കുകയും ഝായുടെ തട്ടിപ്പ് മനസിലാക്കുകയുമായിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്യാൻ താമസസ്ഥലത്തുൾപ്പടെ വിവിധയിടങ്ങളിൽ ആർപിഎഫ് നടത്തി. ഇയാൾ വിറ്റ വസ്‌തുക്കൾ കണ്ടെത്താൻ റെയിൽവെ ശ്രമം തുടങ്ങി.