shan-renjith

ആലപ്പുഴ: ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലയാളി സംഘങ്ങൾക്കായി ഇന്നലെ രാത്രിയും പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ആർ എസ് എസ്, എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.

ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, ഹർഷാദ്, അലി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എല്ലാവരും എസ് ഡി പി ഐ പ്രവർത്തകരാണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് രൺജിത്ത് കൊല്ലപ്പെട്ടത്. കൊലയാളികൾ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.

എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിൽ റിമാൻഡിലായിരുന്ന രണ്ട് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. ആർ എസ് എസ് പ്രവർത്തകൻ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.