
കൊച്ചി: ലക്ഷദ്വീപിലെ ബത്ര ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായത് ചൂര മീനിന്റെ ചാകരയാണ്. അപ്രതീക്ഷിതമായി കിട്ടിയ ചാകരയിൽ മത്സ്യത്തൊഴിലാളികളും ഹാപ്പി. സംഭവം കേട്ടറിഞ്ഞ് എത്തിയവർക്ക് സമ്മാനമായി കിട്ടിയതാകട്ടെ 10 വീതം ചൂര മീനും.
ഒരു കിലോ തൂക്കം വരുന്ന മീനുകളായിരുന്നു കൂട്ടത്തോടെ ഇവിടേക്ക് എത്തിയത്. മീനുകൾ ലഗൂണിനകത്തേക്ക് കയറിയതോടെയാണ് മത്സ്യത്തൊഴിലാളികൾക്ക് ചാകരയായി മാറിയത്. ഇടയ്ക്കെല്ലാം ഇത്തരത്തിൽ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും വലിയ അളവിൽ മീനുകൾ എത്തിയിട്ടില്ലെന്നാണ് അവർ പറയുന്നത്. ലഗൂണിലെത്തുന്ന മീനുകളെ വല വിരിച്ചാണ് പിടിച്ച് കരയ്‌ക്കെത്തിക്കുന്നത്.
ദ്വീപിൽ പൊതുവേ ചെറിയ ചൂരയുടെ വില 30-40 രൂപയാണ്. മാർക്കറ്റിലെത്തിച്ചാൽ അത് 150 രൂപയോളമാകും. പ്രദേശത്തെ വീടുകളിലെല്ലാം ഇന്നലെ സൗജന്യമായി മീൻ വിതരണം ചെയ്യുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.