mammooty

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും പേരിലുള്ള സ്ഥലം വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈയ്‌ക്കടുത്തുള്ള ചെങ്കൽപ്പെട്ടിൽ ഇരുവരുടെയും പേരിലുള്ള 40 ഏക്കർ സ്ഥലമാണ് തർക്കത്തിൽ കിടന്നത്.

ഈ പ്രദേശത്തെ 2007ലാണ് തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരെ അതേ വർഷം തന്നെ മമ്മൂട്ടി അനുകൂല വിധി ഹൈക്കോടതിയിൽ നിന്നും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മേയ് മാസത്തിൽ ലാൻഡ് അഡ്മിനിസ്‌ട്രേഷൻ ഭൂമി പിടിച്ചെടുക്കാൻ നീക്കം തുടങ്ങിയതോടെയാണ് മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി ആഗസ്റ്റിൽ പരിഗണനയ്‌ക്കെടുത്തപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിറുത്തി വയ്‌ക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണിക്കവെയാണ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായും റദ്ദാക്കി ജസ്റ്റിസ് ഇളന്തിരിയൻ ഉത്തരവിട്ടത്.

അതേസമയം, മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിശദീകരണം കേട്ട ശേഷം കമ്മിഷണർ ഒഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്‌ചയ്‌ക്കുള്ളിൽ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി. 1997ൽ കപാലി പിള്ള എന്നയാളിൽ നിന്നായിരുന്നു മമ്മൂട്ടി സ്ഥലം വാങ്ങിയത്.