
ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മുൻ ഭാര്യ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് 733 മില്യൺ ഡോളർ (5547.62 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട ലണ്ടൻ ഹൈക്കോടതി വിധിയിലൂടെ പുറത്ത് വരുന്നത് അറബ് രാജകുടുംബങ്ങളിലെ അറിയാകഥകൾ. നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ള 55.4 കോടി പൗണ്ടിൽ 25.15 കോടി പൗണ്ട് ഒറ്റത്തവണയായി മൂന്ന് മാസത്തിനുള്ളിൽ ഹയാ രാജകുമാരിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇത് ബ്രിട്ടനിലുള്ള കൊട്ടാരത്തിന്റെ നവീകരണത്തിനും കുതിരപ്പന്തയത്തിൽ വന്ന നഷ്ടം നികത്തുന്നതിനും ആഭരണങ്ങൾ വാങ്ങിയ വകയിൽ കൊടുക്കേണ്ട തുകയ്ക്കും ഹയാ രാജകുമാരിയുടെ സുരക്ഷയ്ക്കുമായാണ് ചെലവഴിക്കുക. ബാക്കിയുള്ള തുക മക്കളായ ജലീലയുടെയും സയെദിന്റെയും പഠനത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വേണ്ടി ചെലവഴിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം ഹയാ രാജകുമാരി ആവശ്യപ്പെട്ടതിന്റെ പകുതി തുക മാത്രമാണ് കോടതി അനുവദിച്ചിട്ടുള്ളത്
ഷെയ്ക്ക് അൽ മക്തൂം നൽകുന്ന പണം ഹയ രാജകുമാരിയുടെ സുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുമ്പോൾ, രാജകുമാരിയുടെ ജീവന് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നതും ദുബായ് ഭരണാധികാരി ആണെന്നതാണ് രസകരം. തന്റെ മുൻ ബ്രിട്ടീഷ് അംഗരക്ഷകനുമായി ലൈംഗികമായി അടുത്തതിനെ തുടർന്നാണ് ഹയ രാജകുമാരി ഷെയ്ക്ക് അൽ മക്തൂമുമായി തെറ്റുന്നത്. ദുബായിൽ കഴിയുന്നത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് മനസിലാക്കിയ ഹയ രാജകുമാരി മക്കളേയും കൂട്ടി വിവിധ സ്ഥലങ്ങളിൽ ഒളിച്ചു കഴിയുകയായിരുന്നു. എന്നാൽ ഇങ്ങനെ ഒളിച്ചു കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ ഷെയ്ക്കിന്റെ സന്ദേശവും എത്തിയിരുന്നു. 'എവിടെ പോയി ഒളിച്ചാലും തന്റെ നിരീക്ഷണ ത്തിലായിരിക്കും' എന്ന സന്ദേശമാണ് രാജകുമാരിക്ക് പതിവായി ലഭിച്ചിരുന്നത്.

ഷെയ്ക്കിന്റെ ആറ് ഭാര്യമാരിൽ ഏറ്റവും ഇളയവളായിരുന്നു ഹയ രാജകുമാരി. ഇവർക്ക് 14 വയസുള്ള ജലീല എന്ന് മകളും ഒൻപത് വയസുള്ള സെയ്ദ് എന്ന മകനുമുണ്ട്. മക്കളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ദുബായിലേക്ക് കടത്താൻ ഷെയ്ക്ക് പലതവണ ശ്രമിച്ചതായി ഹയ രാജകുമാരി പരാതി നൽകിയിരുന്നു. ഇതിനു പുറമേ ഹയ രാജകുമാരിയുടെയും മക്കളുടെയും അഭിഭാഷകരുടെയും മൊബൈൽ ഫോണിലെ വിവരങ്ങൾ പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ച് ചോർത്താനും ഷെയ്ക്ക് ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.
ഇത്രയും അധികാരവും സമ്പത്തുമുള്ള ഒരു വ്യക്തിയിൽ നിന്ന് രാജകുമാരിക്കും മക്കൾക്കും സംരക്ഷണം നൽകുക എന്ന കടുപ്പമേറിയി ഉത്തരവാദിത്തമാണ് കോടതി നിലവിൽ എടുത്തിരിക്കുന്നത്. ഇരയ്ക്ക് സംരക്ഷണം നൽകാൻ ഉപയോഗിക്കുന്നതാകട്ടെ വേട്ടക്കാരന്റെ സമ്പത്തും. അതിനാലൊക്കെയാണ് ലണ്ടൻ ഹൈക്കോടതിയുടെ വിധി ഇത്രയേറെ ശ്രദ്ധേയമാകുന്നത്.