kk

ലോകത്തെ വിറപ്പിച്ചിട്ടുള്ളത്

യുദ്ധങ്ങളോ ,വിപ്ളവങ്ങളോ

പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ

അല്ല, ചിന്തകളാണ്

എൻജിൻ ഉപേക്ഷിച്ച്

പാളം തെറ്റിപ്പാഞ്ഞ

ചില തലച്ചോറുകളാണ്

ലോകത്തെയും കാലത്തെയും വിറപ്പിച്ചത്

ലോകം,കാലം

ഈ വാക്കുകളിലെ

പൊതു ഘടകങ്ങൾ അല്ലാത്ത

വള്ളിയും പുള്ളിയുമാണ്

കഥ കലർന്ന ചരിത്രം

ഒരൊറ്റ ജീവിതത്തിൽ ഒതുങ്ങാത്ത

അനുഭവങ്ങളുടെ അനുസ്യൂതി.

വസ്തുതകളിൽ ഭാവന കലരാതെ

ഒരു അനുഭവവും പൂർണമാകുന്നില്ല

ഒറ്റാലിൽ നിന്നും

തെറ്റിയ മീൻപോലെ

ആ പിടപ്പ് ,പുളയ്ക്കൽ,

തല്ലിപ്പിടയ്ക്കൽ

യുക്തി ആസ്വാദനം മുറിച്ചുകൊണ്ട്

പിടച്ചുകൊണ്ടേയിരിക്കും ( പാളം ,സച്ചി )

" കവി എന്നതിനേക്കാൾ ഒരു കവിതയാകാനാണ് എനിക്കിഷ്ടം.അകാലത്തിൽ നിലച്ചുപോകുന്ന അപൂർണ്ണതയുടെ

പരുഷ സൗന്ദര്യമുള്ള ഒരു കവിത." തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയിലെ എഴുത്തുകാരൻ ഇങ്ങനെ എഴുതി.' ആത്മസംവാദത്തിന്റെ ശിഷ്ടം ' സച്ചിയുടെ കവിതാസമാഹാരം സച്ചിയുടെ അമ്പതാം പിറന്നാൾ ദിനമായ ക്രിസ്മസ് ദിനത്തിൽ പ്രകാശിതമാവും. വൈകിട്ട് നാലുമണിക്ക് തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ ആണ് ചടങ്ങ് നടക്കുന്നത്.സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനിൽ നിന്ന് കവി ബി.കെ.ഹരിനാരായണൻ ആദ്യ പ്രതി സ്വീകരിക്കും.

തിരക്കഥാകൃത്തായി കടന്നുവന്ന് സംവിധായകനായും തിളങ്ങിയ സച്ചി ഭാവനാസമ്പന്നനായ എഴുത്തുകാരനാണ്. വായനയിലൂടെ ചിന്തയുടെ ഉയർന്നതലത്തിൽ നിന്ന സച്ചിയിലെ യഥാർത്ഥ എഴുത്തുകാരനെ മലയാള ഭാഷ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.