meenakshiyamma

കണ്ണൂർ: മാതാമംഗലത്ത് വൃദ്ധമാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. സ്വത്തിനുവേണ്ടിയായിരുന്നു മാതമംഗലം പേരൂലിലെ തൊണ്ണൂറ്റിമൂന്നുകാരിയായ മീനാക്ഷിയമ്മയെ മക്കൾ ക്രൂരമായി മർദ്ദിച്ചത്. മീനാക്ഷിയമ്മയുടെ മകനായ രവീന്ദ്രനാണ് പിടിയിലായത്.

വധശ്രമം, കയ്യേറ്റ ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മറ്റു മക്കൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ മരിച്ച ഒരു മകളുടെ സ്വത്ത് വീതിച്ചു നൽകണമെന്നാവശ്യപ്പെട്ട് മീനാക്ഷിയമ്മയെ മക്കൾ മർദ്ദിച്ചതായാണ് പരാതി.

മർദ്ദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. ഡിസംബർ പതിനഞ്ചിനായിരുന്നു സംഭവം.മർദ്ദിച്ചിട്ടും ഒപ്പിടാതിരുന്ന മാതാവിനെ അസഭ്യവർഷം നടത്തിയ വീഡിയോ ദൃശ്യങ്ങളും ശബ്ദവും പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കാഡ് ചെയ്തത്. മീനാക്ഷിയമ്മയ്ക്ക് പത്തുമക്കളുണ്ട്. മൂന്ന് പേർ നേരത്തെ മരിച്ചു.