
അന്റാനനാരിവോ : അപകടത്തിൽ കടലിൽ തകർന്ന് വീണ ഹെലികോപ്ടറിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് മഡഗാസ്‌കർ മന്ത്രി. കടലിൽ നിന്നും കരയിലേക്ക് പന്ത്രണ്ട് മണിക്കൂർ നീന്തിയാണ് സെർജ് ഗെല്ലെ രക്ഷപ്പെട്ടത്. മഹംബോ ടൗണിന് സമീപത്താണ് സംഭവമുണ്ടായത്. ഹെലികോപ്ടർ കടലിൽ വീണ് തകർന്നതോടെ തിങ്കളാഴ്ച രാത്രി 7:30 മുതൽ ചൊവ്വാഴ്ച രാവിലെ 7:30 വരെ മഹംബോയെ ലക്ഷ്യമാക്കി നീന്തിയാണ് 57 കാരനായ ഗെല്ലെ ജീവൻ തിരിച്ച് പിടിച്ചത്. ഹെലികോപ്ടർ അപകടത്തിൽ തനിക്ക് ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അപകടമുണ്ടായപ്പോൾ ഹെലികോപ്ടറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗെല്ലെയെ കൂടാതെ വാറന്റ് ഓഫീസറായ ലൈറ്റ്സാര ജിമ്മി ആൻഡ്രിയനാരിസണിനെയും ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ശേഷം ആദ്യം പുറത്ത് വന്ന വീഡിയോയിൽ താൻ ജീവിച്ചിരിപ്പുണ്ടെന്ന് സെർജ് ഗെല്ലെ പറഞ്ഞു. തന്റെ കുടുംബത്തിന് കാണാനും, സഹപ്രവർത്തകർ കാണാനും, സർക്കാർ അംഗങ്ങൾക്ക് കാണാനും ഈ വീഡിയോ നിങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രക്കാരിൽ ഇനിയും രണ്ട് പേരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് മഡഗാസ്‌കൻ പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. ഹെലികോപ്ടറിന്റെ സീറ്റിൽ ഇരുന്നാന്നാണ് മന്ത്രി വെള്ളത്തിൽ മുങ്ങാതെ രക്ഷപ്പെട്ടതെന്ന് മുതിർന്ന പോലീസ് ഓഫീസർ സഫീസംബത്ര റാവോവി പറഞ്ഞു. അതേസമയം അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.