sumedh-singh

ചണ്ഡിഗഡ്: വെർച്ച്വൽ വിചാരണയ്ക്ക് കിടക്കയിൽ കിടന്ന് കൊണ്ട് ഹാജരായ മുൻ പഞ്ചാബ് ഡി ജി പി സുമേധ് സിംഗിന് പ്രത്യേക കോടതിയുടെ താക്കീത്. 1994ൽ മൂന്ന് പേരെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് സുമേദ് സിംഗ്. ഈ കേസിലെ വിചാരണയ്ക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരായ സുമേധ് സിംഗ് വീട്ടിലെ കിടക്കയിൽ കിടക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പ്രത്യേക സി ബി ഐ ജഡ്ജി സഞ്ജീവ് അഗർവാൾ കോടതിയുടെ മുമ്പാകെ മര്യാദ കാണിക്കണമെന്ന് മുൻ ഡി ജി പിയോട് ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴി ഹാജരായാലും കോടതിയിൽ പാലിക്കേണ്ട മര്യാദകൾ എല്ലാവർക്കും ബാധകമാണെന്ന് കോടതി സൂചിപ്പിച്ചു.

എന്നാൽ പനി പിടിച്ച് അവശ നിലയിലായത് കൊണ്ടാണ് കിടക്കുന്നതെന്ന് കോടതിയെ സുമേധ് സിംഗ് അറിയിച്ചെങ്കിലും ആ വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. സുഖമില്ലാത്ത വിവരം കാണിച്ച് സുമേധ് സിംഗ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഒന്നും ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ തന്നെ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു. കോടതിയോട് ബഹുമാനം കാണിക്കാത്തതിന് സുമേധ് സിംഗിനെ താക്കീത് ചെയ്ത ജഡ്ജി മേലാൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടു.

1994ൽ ലുധിയാനയിൽ വച്ച് മൂന്ന് പേരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സുമേധ് സിംഗിനെ കൂടാതെ പൊലീസുകാരായ വിനോദ് കുമാർ, അശോക് കുമാർ, മുഖ്തിയാർ സിംഗ് എന്നിവരും കേസിലെ പ്രതികളാണ്. സുമേധ് സിംഗിന്റെ നിർദ്ദേശപ്രകാരം ഇവർ മൂന്ന് പേരും ചേർന്ന് കൊലപാതകം നടത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ.