
ഓൺലൈൻ ഷോപ്പിംഗ് നടത്തിയവർക്ക് സംഭവിക്കുന്ന അമളിയുടെ കഥകൾ നമ്മൾ ഇടയ്‌ക്കിടെ കേൾക്കുന്നുണ്ട്. പൂച്ചക്കുട്ടിയെ ഓർഡർ ചെയ്‌തവർക്ക് കടുവക്കുട്ടിയെ എത്തിച്ചതും നായക്ക് പകരം കുറുക്കൻ കുഞ്ഞിനെ കിട്ടിയതുമെല്ലാം അത്തരത്തിൽ ചിലതാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും ഇത്തരത്തിൽ സംഭവിക്കാറുണ്ട്. ബ്രസീലിൽ ഒരു ചലച്ചിത്ര നടന് ആപ്പിൾ വാച്ച് 6 ഓർഡർ ചെയ്‌തപ്പോൾ ലഭിച്ചത് വലിയൊരു കല്ലാണ്.
ബ്രസീലിലെ പ്രമുഖ നടനായ മുറിലൊ ബെനീസിയോയ്‌ക്കാണ് ഈ വമ്പൻ അബദ്ധം പിണഞ്ഞത്. 44എം.എം ആപ്പിൾ വാച്ച് 6 ആണ് മുറിലൊ ഓൺലൈൻ ഷോപ്പിംഗ്‌സൈറ്റിൽ ഓർഡർ ചെയ്‌തത്. എത്തുമെന്നറിയിപ്പ് ലഭിച്ച സമയത്തൊന്നും വാച്ച് വന്നില്ല. 12 ദിവസങ്ങൾക്ക് ശേഷമാണ് ആപ്പിൾ വാച്ചിന്റെ പാക്കിൽ വലിയ കല്ല് നടന് കിട്ടിയത്.
ഏകദേശം 530 ഡോളറാണ് വാച്ചിന്റെ വില( 40,000 രൂപ). കാരെഫോർ എന്ന ഓൺലൈൻ ഷോപ്പിംഗ് കമ്പനി വഴിയാണ് നടൻ ഓർഡർ ചെയ്യാൻ ശ്രമിച്ചത്. വിവരം കമ്പനിയെ അറിയിച്ചപ്പോൾ അവർ നടനെ സഹായിക്കാൻ തയ്യാറായില്ല. പണം തിരികെ ആവശ്യപ്പെട്ട് നടൻ കമ്പനിയ്‌ക്കെതിരെ നിയമനടപടി കൈക്കൊണ്ടതായാണ് വിവരം.
2020ൽ ആപ്പിൾ പുറത്തിറക്കിയ സ്‌മാർട്‌വാച്ചാണ് ആപ്പിൾ 6. നിലവിൽ ആപ്പിൾ 7,ആപ്പിൾ എസ്‌ഇ, ആപ്പിൾ 3 എന്നിവയാണ് വിപണിയിലുളള ആപ്പിളിന്റെ സ്‌മാർട്‌വാച്ചുകൾ.