haritha-kk

പലർക്കും ഭാവിയിൽ ഏത് മേഖല തിരഞ്ഞെടുക്കണം എന്ന സ്വപ്നങ്ങൾ ഉണ്ടാവും. എന്നാൽ അതിനു വേണ്ടി പരിശ്രമിച്ച് പകുതി വഴിയിൽ ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇതിൽ നിന്നും വ്യത്യസ്ഥമായി തന്റെ സ്വപ്നങ്ങളിലേയ്ക്കെത്താൻ വളരെയധികം പരിശ്രമിച്ച വ്യക്തിയാണ് 25കാരിയായ ഹരിത കെ കെ. മത്സ്യ ബന്ധന കപ്പലിൽ ക്യാപ്റ്റനായ ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതയായ ഹരിതയെ പറ്റി കൂടുതൽ അറിയാം.

ആലപ്പുഴയിലെ ഏഴുപുന്ന സ്വദേശിനിയായ ഹരിത സ്ത്രീകൾക്ക് അസാദ്ധ്യമായത് ഒന്നും തന്നെയില്ല എന്ന് തെളിയിച്ച വ്യക്തിയാണ് . നാവിക സേനയിൽ ചേരാൻ ആഗ്രഹിച്ച ഹരിത ശാരീരിക ക്ഷമത പരിശോധനയിൽ പരാജയപ്പെട്ടെങ്കിലും തന്റെ സ്വപ്നം നേടുന്നതിനായുള്ള ശ്രമം അവസാനിപ്പിച്ചിരുന്നില്ല. അപ്പോഴാണ് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആന്റ് എഞ്ചിനിയറിംഗ് എന്ന സ്ഥാപനത്തിലുള്ള ട്രെയിനിംഗിനെ പറ്റിയും അതിന്റെ സാദ്ധ്യതകളെ കുറിച്ചും അറിയുന്നത്.

2016ൽ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ക്യാപ്റ്റൻ ആകാനുള്ള തന്റെ സ്വപ്നത്തിലേയ്ക്ക് കടക്കാൻ ഹരിത തീരുമാനിച്ചു. സിഫ്‌നെറ്റിന്റെ തന്നെ പരിശീലന കപ്പലായ പ്രശിക്ഷണിയിൽ ഒരു ഡെക്ക്ഹാന്റായി ചേർന്നു. ഏകദേശം 150 ദിവസത്തോളം യാത്ര ചെയ്ത കപ്പലിൽ ഉണ്ടായിരുന്ന ഏക സ്ത്രീ ഹരിതയായിരുന്നു. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ക്രൂവിലെ ഒരേയൊരു സ്ത്രീ എന്ന നിലയിലുളള പരിഗണന നൽകിയിരുന്നതായും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നതും ഹരിതയ്ക്ക് പ്രചോതനമായി.

haritha-kk

2017 ലെ ആദ്യ കപ്പൽ യാത്രയ്ക്ക് ശേഷം മത്സ്യബന്ധന കപ്പലുകളിലെ ചീഫ് ഓഫീസറാകുന്നതിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി നിരവധി അനുബന്ധ കോഴ്സുകൾ ഹരിതയ്ക്ക് പഠിക്കേണ്ടതായി വന്നു. 2017 ഒക്ടോബറോടു കൂടി പരീക്ഷയിൽ വിജയിച്ച ഹരിത ചീഫ് ഓഫീസറായി, സിഫ്‌നെറ്റിന്റെ പ്രശിക്ഷണി എന്ന കപ്പലിലും ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ (എഫ്‌എസ്‌ഐ) കപ്പൽ ലവനികയിലുമായി ഏതാണ്ട് രണ്ട് വർഷത്തോളം യാത്ര ചെയ്തു. 46 അംഗങ്ങൾ ഉൾപ്പെട്ട രണ്ടു സംഘത്തെ നയിച്ചത് വലിയ ഉത്തരവാദിത്തമുള്ള ജോലിയായിരുന്നു എന്നും ഹരിത പറയുന്നു.

കടലിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കടൽ ക്ഷോഭങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദിയും വളരെ ബുദ്ധിമുട്ടിപ്പിച്ചിരുന്നതായും ,സഹപ്രവർത്തകരുടെ പിന്തുണ ആ സാഹചര്യത്തിൽ വളരെ വലുതായിരുന്നു എന്നും ഹരിത പറയുന്നു.

ഹരിതയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കാരമാക്കുന്നതിൽ വളരെ വലിയ പങ്കു വഹിച്ചത് അവരുടെ കുടുംബം തന്നെയാണ്. കൂടെ പഠിച്ച പെൺ സുഹൃത്തുക്കൾ മറ്റു ജോലികൾ തേടിയെങ്കിലും ഹരിത ഈ മേഖലയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. പെൺകുട്ടികൾക്ക് പറ്റാത്തതായി ഒന്നും തന്നെയില്ല അതിനുള്ല മനസും നിശ്ചയദാർഢ്യവും ഉണ്ടായാൽ മതി എന്ന് ഹരിത പറയുന്നു.

സമൂഹം സ്ത്രീകൾക്ക് പറ്റില്ല എന്നു പറഞ്ഞ് മാറ്റി നിർത്തിയ പല ജോലികളും ഉണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിയിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞെന്നും പുരുഷന്മാർക്ക് പറ്റുമെങ്കിൽ അത് സ്ത്രീകൾക്കും കഴിയുമെന്നും ഹരിത അഭിപ്രായപ്പെടുന്നു.