china-

ബീജിംഗ് : ചൈനീസ് വൻ പട്ടണങ്ങളിൽ നിന്നും കൊവിഡ് ചെറിയ നഗരങ്ങളിലേക്കും, ഗ്രാമ പ്രദേശങ്ങളിലേക്കും പടരുന്നു. പ്രധാന നഗരങ്ങളേക്കാൾ ആരോഗ്യ സംവിധാനങ്ങൾ കുറവുള്ള നിരവധി ചെറിയ അതിർത്തി പട്ടണങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതേതുടർന്ന് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. വിയറ്റ്നാമിന് അടുത്തുള്ള ചൈനീസ് അതിർത്തി നഗരത്തിൽ കൊവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് പൊതുഗതാഗതം നിർത്തലാക്കി. ഇവിടെ ജനങ്ങളോട് വീടിനുള്ളിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്‌കൂളുകളിൽ ക്ലാസുകളും ഇതിന്റെ ഭാഗമായി നിർത്തിയിട്ടുണ്ട്. തുറമുഖങ്ങളിലും അധികൃതർ അതീവ ജാഗ്രതയിലാണ്.

200,000ത്തിലധികം ജനസംഖ്യയുള്ള ഗ്വാങ്സിയിലെ സ്വയംഭരണ ചൈനീസ് പ്രദേശമായ ഡോങ്സിംഗ് നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇവിടെ ഇന്ന് മുതൽ എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഹോങ്കോങ്ങിലേക്കും മക്കാവുവുമായും ബന്ധിപ്പിച്ച തുറമുഖങ്ങളുള്ള നഗരങ്ങൾ ഒഴികെ അതിർത്തിയിലെ തുറമുഖങ്ങളിൽ മാർച്ച് 15 വരെ ടൂർ പ്രോഗ്രാമുകൾ നിർത്തിവയ്ക്കാനും ചൈന ട്രാവൽ ഏജൻസികളോട് ആവശ്യപ്പെട്ടു.