high-court

ചെന്നൈ: ഓൺലൈൻ വാദത്തിനിടെ യുവതിയുമായി അതിരുവിട്ട അടുപ്പം കാണിച്ചതിന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ആർ ഡി സന്താനകൃഷ്ണന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. തമിഴ്നാട് - പുതുച്ചേരി ബാർ കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സന്താനകൃഷ്ണനെ ഇന്ത്യയിലെ എല്ലാ കോടതിയിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും സ്വന്തം പേരിലോ മറ്റേതെങ്കിലും പേരിലോ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്ന് അറിയിച്ചു. സന്താനകൃഷ്ണനെതിരെയുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് നടപടി.

മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ പി എൻ പ്രകാശ്, ആർ ഹേമലത എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ബാർ കൗൺസിലിന്റെ നടപടി. തമിഴ്നാട് പൊലീസിന്റെ സി ബി - സി ഐ ഡി വിഭാഗത്തോട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നാളെ (ഡിസംബർ 23) റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാദത്തിനിടെയാണ് സംഭവം. ഓൺലൈൻ വാദത്തിനിടെ തന്റെ കക്ഷിയായ യുവതിയുമായി സന്താനകൃഷ്ണൻ പരിധിയിൽ കവിഞ്ഞ അടുപ്പത്തോടെ ഇടപ്പഴകുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച കോടതി ഇത്തരം കാര്യങ്ങളിൽ വെറുമൊരു മൂകസാക്ഷിയെ പോലെ കണ്ണടയ്ക്കാൻ സാധിക്കില്ലെന്നും അസഭ്യപെരുമാറ്റം വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. ഓൺലൈൻ വാദങ്ങൾ നിർത്തലാക്കുന്നത് പരിഗണനയിലാണെന്നും ഇപ്പോൾ തന്നെ ബഹുഭൂരിപക്ഷം അഭിഭാഷകരും നേരിട്ട് ഹാജരാകാൻ തുടങ്ങിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. അഭിഭാഷകനും യുവതിയുമൊത്തുള്ള വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോടും കോടതി ആവശ്യപ്പെട്ടു.