
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിനോടുള്ള ഇഷ്ടം ഏറെ പ്രശസ്തമാണ്. വൈറ്റ് ഹൗസിലേക്ക് താമസം മാറിയപ്പോൾ അദ്ദേഹം തന്റെ ഇഷ്ട വളർത്ത് മൃഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. ഇപ്പോഴിതാ ജോ ബൈഡന്റേയും പ്രഥമ വനിത ജിൽ ബൈഡന്റേയും വളർത്തുമൃഗങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി വന്നിരിക്കുന്നു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായക്കുട്ടിയ്ക്ക് കമാൻഡർ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ കളിക്കുന്നതിനിടെയാണ് കമാൻഡറെ മാദ്ധ്യമങ്ങൾ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള കമാൻഡർ തിങ്കളാഴ്ചയാണ് ഇവിടെ എത്തിയത്. പ്രസിഡന്റിന് അദ്ദേഹത്തിന്റെ സഹോദരനായ ജെയിംസ് ബൈഡനും സഹോദര ഭാര്യ സാറാ ബൈഡനും നൽകിയ ജന്മദിന സമ്മാനമായിരുന്നു കമാൻഡറെന്ന് ജിൽ ബൈഡന്റെ പ്രസ് സെക്രട്ടറി മൈക്കൽ ലാറോസ സ്ഥിരീകരിച്ചു. നവംബർ 20നാണ് ബൈഡൻ തന്റെ 79ാം ജന്മദിനം ആഘോഷിച്ചത്.
Welcome to the White House, Commander. pic.twitter.com/SUudQnPv29
— President Biden (@POTUS) December 20, 2021
ബൈഡന്റെ പ്രിയപ്പെട്ട ജർമ്മൻ ഷെപ്പേർഡ് നായ ചാമ്പ് കഴിഞ്ഞ ജൂണിലാണ് വിടവാങ്ങിയത്. അവരുടെ മറ്റൊരു ജർമ്മൻ ഷെപ്പേർഡ് ഇനമായ മേജർ എന്ന് പേരുള്ള നായ വൈറ്റ് ഹൗസിലെ പ്രശ്നക്കാരനായത് വാർത്തയിൽ ഇടം നേടിയിരുന്നു. ഇപ്പോൾ കൂടുതൽ സമയവും മേജർ വിൽമിംഗ്ടണിലാണുള്ളത്. കഴിഞ്ഞ മാർച്ചിൽ മേജർ രണ്ട് പേരെ കടിച്ചിരുന്നു. ഇവരിൽ ഒരാൾ പ്രസിഡന്റിന് സുരക്ഷ ഒരുക്കുന്ന സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു. പ്രിയപ്പെട്ട നായകൾക്ക് പുറമേ വൈറ്റ് ഹൗസിലേക്ക് ഒരു പൂച്ചയേയും കൊണ്ടുവരുമെന്ന് പ്രസിഡന്റിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.