
കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് വെളളിയാഴ്‌ച പ്രവർത്തിദിവസമാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ ദ്വീപ് നിവാസികളിൽ പ്രതിഷേധം ശക്തം. ഡിസംബർ 17നാണ് വെളളിയാഴ്‌ചകളിൽ പ്രവർത്തി ദിവസമാക്കി ഉത്തരവിട്ടത്.
മുസ്ളീം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ മുൻപ് ആഴ്‌ചയിൽ വെളളിയാഴ്‌ചകളിലായിരുന്നു സ്‌കൂൾ അവധി. ഇതാണ് ദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഞായറാഴ്‌ചത്തേക്ക് മാറ്റിയത്. ഈ സ്‌കൂൾ വർഷം മുതൽ തന്നെ ഇത് നടപ്പാക്കാനാണ് തീരുമാനം.
അറുപത് വർഷങ്ങളായി ദ്വീപിൽ പതിവുളളതാണ് വെളളിയാഴ്‌ചകളിലെ സ്‌കൂൾ അവധിയെന്ന് ലക്ഷദ്വീപ് എം.പി മൊഹമ്മദ് ഫൈസൽ.പി.പി പറഞ്ഞു. 'ജില്ലാ പഞ്ചായത്തുമായോ, തിരഞ്ഞെടുത്ത ജനപ്രതിനിധികളുമോ സ്‌കൂൾ പിടിഎയുമായോ ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത്.' എം.പി ആരോപിച്ചു. ഇത് ലക്ഷദ്വീപ് ജനത ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം പുനപരിശോധിക്കണമെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനോട് എം.പി ആവശ്യപ്പെട്ടു. ദ്വീപിലെ നിവാസികളിൽ ഭൂരിപക്ഷവും മുസ്ളീങ്ങളാണെന്നും വെളളിയാഴ്‌ചകളിലെ ജുമ നമസ്‌കാരം പ്രധാനമാണെന്നും വിഷയം ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരണമെന്നും മൊഹമ്മദ് ഫൈസൽ കത്തിലൂടെ ആവശ്യം ഉന്നയിച്ചു.
അവധി ദിവസം മാറ്റിയതിനൊപ്പം ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസുകളിലേക്കുളള വിഷയാധിഷ്‌ഠിത അലോട്ട്മെന്റിനെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. 9.30 മുതൽ 12.30 വരെയും 1.30 മുതൽ 4.30 വരെയുമാണ് ക്ളാസ്. ഓരോ നേരവും നാല് പിരീഡ് വീതമുണ്ടാകും.