kathinal

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ക്രിസ്‌മസ് മുന്നോട്ടുവയ്ക്കുന്നത് . വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയെപ്പോലെ ക്രിസ്‌മസ് നക്ഷത്രം പ്രത്യാശയുടെയും സന്തോഷത്തിന്റെയും പ്രകാശത്തിന്റെയും അടയാളമായി കാണാം. ക്രിസ്‌മസ് ലോകത്തിന്റെ മുഴുവൻ പെരുന്നാൾ ആഘോഷമാണ്.

ചുറ്റുപാടും ഇരുൾ പരക്കുന്നത് നാം കാണുന്നുണ്ട്. പക്ഷേ അതേ കണ്ണുകൊണ്ടു തന്നെ നമ്മുടെ മുന്നിൽ ഉദിച്ചുനില്‌ക്കുന്ന പ്രകാശം കാണാൻ സാധിക്കാതെ പോകയുമരുത്. ഈ ലോകത്തിൽ അശാന്തിയുണ്ടെന്നു പറയുമ്പോൾത്തന്നെ സമാധാനദൂതുമായി അനേകം വിളക്കുകൾ നമ്മുടെ മുന്നിൽ പ്രകാശിച്ചു നില്‌ക്കുന്നുണ്ട്. അത്തരത്തിലുള്ള വലിയൊരു പ്രകാശം, വേദപുസ്തക ഭാഷ്യത്തിൽ പറഞ്ഞാൽ ' അന്ധകാരത്തിലിരുന്ന ജനം വലിയ ഒരു പ്രകാശം കണ്ടു ' എന്ന് ദൈവിക ഇടപെടലിനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്. നമുക്കു ചുറ്റുമുള്ള ഇരുളിനപ്പുറത്തേക്ക് നീങ്ങണമെങ്കിൽ നമുക്ക് ലഭിച്ചിരിക്കുന്ന പ്രകാശത്തെ നാം കാണണം. പ്രകാശം എപ്പോഴും കാലാതിവർത്തിയായി നില്‌ക്കുന്ന ഒരു പ്രതിഭാസമായി നമ്മുടെ മുമ്പിലുള്ളപ്പോൾ അന്ധകാരത്തെ പഴിക്കാതെ പ്രകാശമേ നയിച്ചാലും, തമസോ മാ ജ്യോതിർഗമയ എന്ന നമ്മുടെ പ്രാർത്ഥനാമന്ത്രവുമായി മുന്നോട്ടു പോകുന്നതാണ് ഏറ്റവും അഭികാമ്യം. അങ്ങനെ സന്തോഷത്തിന്റെ, പ്രകാശ ആഘോഷത്തിലാണ് നാം ക്രിസ്മസിലേക്ക് വരുന്നത്.

ദൈവിക ഇടപെടൽ എന്നതിലൂടെ എപ്പോഴും നമ്മൾക്ക് ലഭിക്കുന്ന അടിസ്ഥാന ഉറപ്പ് ഗോഡ് ഈസ് എലൈവ് ,ദൈവം ജീവിക്കുന്നവനാണെന്നതാണ്. അത് ഏത് പ്രതികൂല സാഹചര്യത്തിനപ്പുറത്തേക്കും നമ്മെ നയിക്കാൻ പര്യാപ്തമാണ്. ദൈവവിശ്വാസിയുടെ ഉറച്ച ആത്മബലം നമ്മൾ അതിജീവിക്കും, മുന്നോട്ടുപോകുമെന്നതാണ്. അത് ബൗദ്ധികമായ ഒരു അഹംഭാവമല്ല, കൈയിലുള്ള സമ്പത്തിന്റെ മതിമറന്ന പ്രകടനവുമല്ല. എളിമയുടെ പൂർണതയോടെ തന്നെ നാം ദൈവത്തോട് ചേർന്നുനിന്ന് പറയും നമുക്ക് ഇനിയും അതിജീവിച്ച് പോകാൻ കഴിയുമെന്ന്. അങ്ങനെയൊരു പെരുന്നാളാണ് ഈ ക്രിസ്‌മസിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിന്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിന്റെ വാർത്തയെന്നാണ് ആട്ടിടയന്മാരോട് ദൈവദൂതൻ പറയുന്നത്. അത് സൂചിപ്പിക്കുന്നതു തന്നെ ഒരു വിഭാഗത്തിന്റേതോ ഒരു ദേശത്തിന്റേതോ ഒരു കാലക്രമീകരണത്തിന്റേതോ അല്ല ദൈവം എന്നാണ്. അത് എല്ലാം അതിജീവിക്കുന്ന, കാലദേശങ്ങളെ അതിജീവിക്കുന്ന സർവവ്യാപിയാണ്. ഈ യാഥാർത്ഥ്യത്തോടുള്ള പൊരുത്തപ്പെടൽ എല്ലാവർക്കും സന്തോഷവും പ്രതീക്ഷയും നല്‌കും.

മനുഷ്യനെ ദൈവം ഇടമുറിയാതെ സ്‌നേഹിക്കുന്നുവെന്ന് ക്രിസ്‌മസ് നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. ' ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിപ്പിൻ ' എന്ന് യേശുക്രിസ്തു നമ്മളെ പഠിപ്പിച്ചു. ദൈവസ്‌നേഹം ആരെയും മാറ്റിനിറുത്തുന്നില്ല, അതുകൊണ്ടാണ് മാലാഖമാർ സർവജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷവാർത്തയായി തിരുപ്പിറവി ലോകത്തെ അറിയിച്ചത്. നാം നമ്മെപ്പോലെ തന്നെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോഴാണ് ദൈവസ്‌നേഹത്തിന്റെ വ്യാപനം പരിപൂർണതയിലെത്തുന്നത്. അപരനിലേക്ക് പരക്കേണ്ട ദൈവസ്‌നേഹത്തെ നിഷേധാത്മകതയുടെ മതിലുകൾകെട്ടി നാം തടയുകയാണ്. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും മനുഷ്യനുണ്ടാക്കിയ ഘടകങ്ങളുടെയും വലിയ മതിലുകൾ ഉയരുമ്പോഴാണ് സമൂഹത്തിൽ ഭിന്നതയും അതിൽ അക്രമവും ഉത്ഭവിക്കുന്നത്. ലോഹനിർമിതമായ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടല്ല, ആഴത്തിലുള്ള ഹൃദയബന്ധങ്ങൾ കൊണ്ടാണ് സമൂഹം സംവദിക്കേണ്ടത്. ക്രിസ്‌മസ് നല്‌കുന്ന സ്‌നേഹത്തിന്റെ സന്ദേശം നമ്മെ പ്രകാശത്തിലേക്ക് നയിക്കട്ടെ.

( മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമാണ് )