e-car-charging-

ലണ്ടൻ : ഒടുവിൽ ലോകം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന യൂറോപ്പിൽ ഡീസൽ കാറുകളെ വെട്ടിക്കൊണ്ട് മുന്നേറി. പ്രകൃതിയോട് ഇണങ്ങുന്ന വാഹനങ്ങൾ സ്വന്തമാക്കാൻ ജനം ആഗ്രഹിക്കുന്ന കാഴ്ചയ്ക്കാണ് യൂറോപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങളുടെയും (ഇവി) പ്ലഗ്ഇൻ ഹൈബ്രിഡുകളുടെയും വിൽപ്പനയിൽ ഇതാണ് തെളിയിക്കുന്നത്. ടെസ്ല ഉൾപ്പടെയുള്ള പുത്തൻ മോഡലുകൾ വാഹനപ്രേമികൾക്കിടയിൽ വളരെ പ്രചാരം നേടിയതാണ് ഡീസൽ കാറുകളുടെ വിൽപ്പനയെ മറികടക്കാനുള്ള മറ്റൊരു കാരണം. എന്നാൽ ആഗോള ചിപ്പ് ക്ഷാമം തുടരുന്നതിനാൽ, പുതിയ കാറുകളുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ ഇടിവുണ്ടാവുകയും ചെയ്തു.

ലണ്ടൻ ആസ്ഥാനമായുള്ള ജാറ്റോ ഡൈനാമിക്സ് എന്ന മോട്ടോറിംഗ് ബിസിനസ് ഇന്റലിജൻസ് സ്ഥാപനമാണ് വാഹന വിൽപ്പനയിലെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള ഡാറ്റയിൽ പഠനം നടത്തിയത്. യൂറോപ്പിലെ ഏകദേശം 25 വിപണികളിൽ നിന്നുള്ള വിവരങ്ങളാണ് തേടിയത്. കഴിഞ്ഞ മാസം യൂറോപ്പിൽ 217,709 പുതുതലമുറയിൽപ്പെട്ട വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇത് മൊത്തം വാഹനങ്ങളുടെ 26 ശതമാനത്തോളമുണ്ടായിരുന്നു. അതേസമയം ഇക്കാലയളവിൽ രജിസ്റ്റർ ചെയ്ത കാറുകളിൽ 18 ശതമാനമായിരുന്നു ഡീസൽ ഇന്ധനത്തിൽ ഓടുന്നവ. അതേസമയം ഇലക്ട്രിക് കാറുകളെക്കാൾ ഇരട്ടി പെട്രോൾ കാറുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി.