vijay-sakhare

ആലപ്പുഴ: എസ്‌ഡിപിഐ പ്രവർത്തകരെകൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എഡിജിപി വിജയ് സാഖറേ. ഇങ്ങനെയൊരു സംഭവം തെളിയിച്ചാൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ച് പേർ കൊലപാതകികളെ സഹായിച്ചവരാണ്. കൊലയാളി സംഘങ്ങളിലാരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു എന്നും വിജയ് സാഖറേ പറഞ്ഞു.

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാതലത്തിൽ ജില്ലയിൽ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനായി ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ്, കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. തുടർന്ന് പരാതിയും നൽകിയിരുന്നു.

മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി സുധീർ, അർഷാദ് എന്നിവരാണ് ആലപ്പുഴയിലെ ബിജെപി നേതാവ് രൺജിത്ത് വധവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച നാല് ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.