sisira

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതാവുന്നത്.

വീടിന് സമീപത്തെ ക്വാറിയിൽ വെളിച്ചം കണ്ടതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് ബാലുശ്ശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ ആന്റ് റസ്ക്യൂ സംഘം പുലർച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂബ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്. നരിക്കുനി എസ്.ഒ. ടി.പി. രാമചന്ദ്രന്‍, സ്‌കൂബ അംഗങ്ങളായ ശിഹാബുദ്ദീന്‍, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി.

ഒരു വർഷം മുൻപാണ് ശിശിരയും രജീഷും വിവാഹിതരായത്. പിതാവ് സുരേന്ദ്രൻ, മാതാവ് ഷീബ.