
കാബൂൾ : സാമ്പത്തിക ബുദ്ധിമുട്ടിൽ ഉഴലുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോൾ ചർച്ചയാവുന്നത്. താജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 8,00,000 ഡോളർ അയച്ചതാണ് പുലിവാലായത്. പണം ട്രാൻസ്ഫർ ചെയ്തപ്പോൾ പറ്റിയ അബദ്ധം മനസിലാക്കിയ താലിബാൻ ഇപ്പോൾ തുക തിരികെ ചോദിച്ചിരിക്കുകയാണ്. എന്നാൽ താലിബാന്റെ കടുത്ത വിമർശകരായ താജിക്കിസ്ഥാനിലെ അധികാരികൾ പണം തിരികെ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താജിക്കിസ്ഥാനിൽ അഭയാർഥികളായി കഴിയുന്ന കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷ്രഫ് ഗനി പണം കൈമാറാമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നു. ഇതാണ് പണം അക്കൗണ്ടിലിടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് അഷ്രഫ് ഗനി പിന്മാറിയതോടെ താലിബാൻ ഈ കരാർ റദ്ദാക്കി, പക്ഷേ തുക കൈമാറിയപ്പോൾ അക്കാര്യം ഓർത്തില്ല. കഴിഞ്ഞ മാസം മുതൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നത്. ഈ അവസരത്തിൽ തുക തിരികെ നൽകണമെന്നാണ് താലിബാന്റെ ആവശ്യം.