
കൊച്ചി: മരട് ഗ്രിഗോറിയൻ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിയ മദ്ധ്യവയസ്കൻ ഉച്ചത്തിൽ വീട്ടിലുളളവരെ വിളിച്ച ശേഷം കോളിംഗ്ബെൽ അടിച്ചു. തനിച്ചായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് വാതിൽ തുറന്നതും മുന്നിൽ നിന്ന അജ്ഞാതൻ മരവടികൊണ്ട് അടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മ വീടിനുളളിൽ കയറി വാതിൽ അടച്ചു. ശേഷം അയൽവാസിയോട് ഫോണിലൂടെ വിവരം അറിയിച്ചു. അയൽവാസി മരട് സ്റ്റേഷനിലും കൗണ്‍സിലര്‍ ഡി ടി സുരേഷിനേയും വിളിച്ച് വിവരം അറിയിച്ചെങ്കിലും കൗണ്‍സിലര്‍ എത്തിയപ്പോഴേക്കും അജ്ഞാതന്‍ സ്ഥലംവിട്ടിരുന്നു.
അര മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താത്തതിനെ തുടർന്ന് കൗൺസിലർ സ്റ്റേഷനിലെത്തി അന്വേഷിച്ചു. പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പരിശീലനത്തിലായതിനാൽ മൂന്നുപേർ മാത്രമാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നതെന്നും വാഹനമില്ലാത്തതിനാലാണ് എത്താൻ കഴിയാത്തതെന്നും പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നതായും വീട്ടിൽ നിന്ന് ലഭിച്ച ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേണം നടത്തിവരുന്നതായും മരട് പൊലീസ് പറഞ്ഞു.