octopus

സ്‌പെയിനിൽ ലോകത്തിലെ തന്നെ ആദ്യത്തെ നീരാളി ഫാം ഒരുങ്ങുകയാണ്. വാർത്തകൾ വന്നു തുടങ്ങിയതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങളും ഉയർന്നു.

സ്പാനിഷ് ബഹുരാഷ്ട്ര കമ്പനിയായ ന്യൂവ പെസ്‌കാനോവയായിരിക്കും ഫാം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നത്. 2023 ഓടെ ഫാമിൽ വളർത്തുന്ന നീരാളിയെ വിൽപ്പനയ്‌ക്കെത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. പ്രതിവർഷം 3000 ടൺ നീരാളികളെയാണ് ഫാം ഉല്‌പാദിപ്പിക്കുന്നത്.

കടലിലെ മത്സ്യവിഭവങ്ങളിൽ തന്നെ ഏറ്റവും രുചിയേറിയവയാണ് നീരാളികൾ. അതുകൊണ്ടുതന്നെ ഇവയെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. ഭക്ഷണവിഭവങ്ങളിൽ നീരാളിക്ക് ഡിമാൻഡ് കൂടിയതാണ് ഇവയെ ഫാമിൽ വളർത്തുന്ന തരത്തിലുള്ള ചിന്തകളിലേക്കെത്തിച്ചത്.

octopus

പക്ഷേ എന്തുകൊണ്ട് ഇവയെ ഫാമിൽ വളർത്തുന്നതിന് വിദഗ്ദ്ധർ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഇവയാണ്. ജീവനുള്ളവയെ മാത്രമാണ് നീരാളി ഭക്ഷിക്കാറ്. മറ്റു മത്സ്യങ്ങളെ വളർത്തുന്നതു പോലെ കൃത്രിമ ഭക്ഷണങ്ങളൊന്നും ഇവ കഴിക്കാറുമില്ല. അത് തന്നെയാണ് പ്രധാന വെല്ലുവിളിയും.

ഉയർന്ന അളവിൽ ഭക്ഷണം കഴിക്കുന്നവരാണ് നീരാളികൾ. മറ്റുള്ളവയെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരിട്ടി ഭക്ഷണം വേണമെന്ന് സാരം. അതുകൊണ്ട് തന്നെ ഫാമിലെ കൃഷി ചെലവും വർദ്ധിപ്പിക്കും.

നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിലായിരുന്നു ഇവയുടെ പ്രജനനരീതിയും വളർച്ചയും കണ്ടെത്തിയത്. ഭക്ഷണത്തിൽ ഇത്രയും രുചിയുള്ള വിഭവമായിട്ടും നീരാളി ഫാം എന്തുകൊണ്ട് ഇതുവരെ വൈകിയെന്നതിന്റെ ഉത്തരവും ഇതു തന്നെയാണ്.

octopus

അതേസമയം ഇവയെ വളർത്തുന്നതിലും നിരവധി വെല്ലുവിളിയുണ്ട്. ഒരു ടാങ്കിൽ ഒരെണ്ണത്തിനെ മാത്രമേ നിക്ഷേപിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം ഒന്നിനെ മറ്റൊന്ന് ഭക്ഷിക്കാനുള്ള സാദ്ധ്യത ഏറെയാണ്. കടലിൽ പോലും ഇവയെ പിടിക്കുക എളുപ്പമുള്ള കാര്യമല്ല.

അതീവ ബുദ്ധിയുള്ളതും ഓർമശക്തി കൂടിയവയുമാണ് ഇവ. അത്തരം മത്സ്യങ്ങളെ ടാങ്കിലേക്ക് മാറ്റിയാൽ അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ടാങ്കിന്റെ വലിപ്പത്തിൽ പോലും അതീവ ശ്രദ്ധ പുലർത്തേണ്ടി വരും.

അതേ സമയം ഫാം സജീവമായാൽ കടലിൽ നിന്നുള്ള നീരാളി പിടിത്തത്തിന് കുറവ് സംഭവിക്കും. കടലിൽ അവയുടെ സ്വാഭാവിക വളർച്ചയ്‌ക്കും സമുദ്ര സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിനും കാരണമാകും. മാത്രമല്ല,​ ഭക്ഷണ മേഖലയിൽ വലിയൊരു കുതിച്ചുച്ചാട്ടത്തിനും ഇട വരുത്തും.